
മെക്‌സിക്കോ സിറ്റി: ടേക്ക് ഓഫ് വൈകിയതോടെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് ചിറകിൽ കയറി യാത്രക്കാരൻ. മെക്‌സിക്കോയിലാണ് സംഭവം. ഗ്വാട്ടിമാല സിറ്റിയിലേക്കുള്ള എയ്‌റോമെക്‌സിക്കോ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് എമർജൻസി എക്‌സിറ്റ് തുറന്ന് വിമാനത്തിന്റെ ചിറകിൽ കയറി നിന്നത്. ഇയാൾക്ക് സഹയാത്രികർ പിന്തുണ നൽകി. യാത്രക്കാരനെ പൊലീസിന് കൈമാറിയതായി വിമാനത്താവളം പുറത്തിറക്കിയ പ്രസ്‌താവനയിൽ അറിയിച്ചു.
എഎം672 എന്ന ഫ്ലൈറ്റിലാണ് സംഭവമുണ്ടായത്. പുറപ്പെടാൻ നാല് മണിക്കൂറോളം വൈകിയതോടെ അസഹനീയമായ അവസ്ഥയിലായി എന്നാണ് യാത്രക്കാർ പറഞ്ഞത്. വെള്ളം പോലും ഇല്ലാതെ പലരും ബോധം നഷ്ടമാകുന്ന അവസ്ഥയിലെത്തി. വിമാനത്തിലുള്ള എല്ലാവരെയും രക്ഷിക്കുന്നതിന് വേണ്ടിയാണ് യാത്രക്കാരൻ പ്രതിഷേധത്തിലേക്ക് കടന്നതെന്ന് സഹയാത്രികർ പറഞ്ഞു. വ്യാഴാഴ്ച രാവിലെ 8.45ന് പുറപ്പെടേണ്ട വിമാനം അറ്റകുറ്റപ്പണികൾ കാരണമാണ് വൈകിയത്. എന്നാൽ, വിമാനത്തിനുള്ളിൽ പ്രവേശിച്ച യാത്രക്കാർക്ക് മതിയായ സൗകര്യമൊരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടു.
എയർപോർട്ട് അധികൃതർ പ്രതിഷേധിച്ച യാത്രക്കാരന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റുകൾ പ്രകാരം വിമാനം ഏകദേശം അഞ്ച് മണിക്കൂർ വൈകി. വിമാനത്തിനുള്ളിൽ പകർത്തിയ വീഡിയോയിൽ യാത്രക്കാർ ചൂട് സഹിക്കാനാവാതെ ബുദ്ധിമുട്ടിലാകുന്നതും ഫ്ലൈറ്റ് അറ്റൻഡൻ്റിനോട് വെള്ളം ചോദിക്കുന്നതും കാണാം.