
കൊല്ലം: എസ്‌എഫ്‌ഐ പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാർ മാത്രമാണ് അവരെന്നും പൊലീസിന് ഇവിടെ യാതൊരുവിധ റോളുമില്ല എന്നും അദ്ദേഹം പറഞ്ഞു. 17 പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന്റെ എഫ്‌ഐആർ കൈവശമുണ്ടെന്നും ഇത് കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
'സ്വാമി സദാനന്ദ ആശ്രമത്തിൽ നടക്കുന്ന ഒരു മീറ്റിംഗിൽ പങ്കെടുക്കാനായാണ് ഇന്ന് രാവിലെ പുറപ്പെട്ടത്. 8.11ന് നിലമേൽ എത്തിയപ്പോൾ ചിലർ കാർ തടയാൻ ശ്രമിച്ചു. ദൂരെ നിന്ന് നടത്തുന്ന പ്രതിഷേധങ്ങൾ എനിക്ക് പ്രശ്നമല്ല. അവർ കാറിന്റെ സമീപത്തെത്തിയപ്പോഴാണ് ഞാൻ പുറത്തിറങ്ങിയത്. ആ സമയത്ത് എത്ര പൊലീസുകാരാണ് അവരെ തടയാൻ എത്തിയതെന്ന് നിങ്ങൾ കണ്ടതാണ്. ഇപ്പോൾ എന്റെ സ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നുവെങ്കിൽ കരിങ്കൊടി കാണിച്ച് നിൽക്കുന്ന പ്രതിഷേധക്കാരെ കാറിനരികെ വരാൻ സമ്മതിക്കുമായിരുന്നോ? ഞാൻ പൊലീസിനെ കുറ്റപ്പെടുത്തുകയല്ല. കാരണം അവർ മുകളിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ പാലിക്കുകയാണ്. പിണറായി വിജയനാണ് ഈ നാട്ടിൽ നിയമലംഘനം നടത്താൻ പ്രോത്സാഹിപ്പിക്കുന്നത്. '
'നിയമം ലംഘിക്കുന്നവർക്ക് സംരക്ഷണം നൽകാൻ പൊലീസിന് നിർദേശം നൽകുന്നതും മുഖ്യമന്ത്രിയാണ്. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ നിരവധി ക്രമിനൽ കേസുകളാണ് നിലവിലുള്ളത്. ഇതിൽ 40ലധികം കേസുകളാണ് കോടതികളിൽ തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്. പാർട്ടി നൽകുന്ന ദിവസ വേദനത്തിന് ജോലി ചെയ്യുന്നവരാണ് ഈ പ്രവർത്തകർ. വരുക, കരിങ്കൊടി കാണിക്കുക, കാറിൽ അടിക്കുക, തിരിച്ചുവന്ന് പ്രതിഫലം വാങ്ങുക. ഇതാണ് അവരുടെ ജോലി. ഇപ്പോൾ 17പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിഷേധിച്ചവർ 50പേരിൽ കൂടുതലുണ്ടായിരുന്നു. പക്ഷേ, ഞാനീ എഫ്‌ഐആർ അംഗീകരിക്കുകയാണ്. '
'എന്നാൽ നിയമലംഘനം ഒരിക്കലും അംഗീകരിച്ച് കൊടുക്കുന്നതല്ല. അവർ എന്റെ കാറിൽ അടിച്ചതുകൊണ്ട് മാത്രമാണ് ഞാൻ പുറത്തിറങ്ങിയത്. മുമ്പ് തിരുവനന്തപുരത്ത് പ്രതിഷേധം ഉണ്ടായപ്പോഴും ഞാൻ പറഞ്ഞതാണ്. അവർ കരിങ്കൊടി കാണിക്കുന്നത് എനിക്കൊരു പ്രശ്നമല്ല. പക്ഷേ, എന്റെ കാറിൽ അടിച്ചാൽ ഞാൻ പുറത്തിറങ്ങും. നവകേരള ബസിനരികിലെത്തി പ്രതിഷേധിച്ചവരോട് ഈ പൊലീസുകാർ എങ്ങനെയാണ് പെരുമാറിയത്? പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തപ്പോൾ അവർ എത്തിയ വാഹനങ്ങൾ എവിടെ? പൊലീസുകാർ തന്നെയാണ് സമരക്കാരെ എത്തിച്ചത്. ശേഷം അതേ വാഹനത്തിൽ തന്നെ അവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. ഇതിനെതിരെ നടപടിയെടുക്കാൻ എടുക്കാം. അങ്ങനെയുള്ളപ്പോൾ എനിക്ക് പ്രതിഷേധിക്കേണ്ട ആവശ്യമില്ല. കേസെടുത്തതിന്റെ രേഖകളെല്ലാം കേന്ദ്ര സർക്കാരിന് കൈമാറും. ജനങ്ങൾക്ക് പെൻഷൻ നൽകാൻ സർക്കാരിന് കഴിയുന്നില്ല. ഇതുപോലെ സർക്കാരിന്റെ പല പരാജയങ്ങളും മറയ്‌ക്കാൻ വേണ്ടിയാണ് ഗവർണർക്കെതിരെ പ്രതിഷേധം നടത്തുന്നത്. ' - ഗവർണർ പറഞ്ഞു.
നിയമസഭയിൽ ഒരു മിനിട്ട് മാത്രം സംസാരിച്ചത് ആരോഗ്യപ്രശ്നമുള്ളതുകൊണ്ടാണെന്ന പ്രചരണത്തിനും അദ്ദേഹം മറുപടി നൽകി. എന്നെ കണ്ടിട്ട് സംസാരിക്കാൻ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് തോന്നുന്നുണ്ടോ എന്നാണ് പൊട്ടിച്ചിരിച്ചുകൊണ്ട് ഗവർണർ ചോദിച്ചത്. എത്തേണ്ടിയിരുന്ന ചടങ്ങ് ഇപ്പോൾ കഴിഞ്ഞിട്ടുണ്ടാകും. അവിടെയെത്തി സ്വാമിജിയുടെ സമാധിയിൽ ഒരു പൂവ് അർപ്പിച്ച് മടങ്ങുമെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞുകൊണ്ടാണ് അദ്ദേഹം അവസാനിപ്പിച്ചത്.