
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റേത് 'ഷോ'യാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഗവർണർ വല്ലാത്ത മാനസികാവസ്ഥയിലാണെന്നും അദ്ദേഹം പ്രതികരിച്ചു. പ്രോട്ടോക്കോൾ പ്രകാരമുള്ള സുരക്ഷ ഗവർണർക്ക് നൽകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ പോകുമ്പോൾ പല സ്ഥലങ്ങളിലും പ്രതിഷേധമുണ്ടാകാറുണ്ടെന്നും എന്നാൽ തങ്ങളാരും ചാടി റോഡിലിരുന്നിട്ടില്ലെന്നും സംഭവം ദേശീയ വാർത്തയാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും ശിവൻകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.
തന്റെ പദവി പോലും നോക്കാതെയുള്ള പ്രകടനമാണിതെന്നും ഗവർണറുടെ നാലാമത്തെ ഷോയാണിതെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. അതേസമയം, സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ ചിരിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഗവർണറുടെ പെരുമാറ്റം വിചിത്രമാണെന്ന് മന്ത്രി എം ബി രാജേഷും പ്രതികരിച്ചു.