
പദ്മം താമരയാണ്. രാജ്യത്തിന്റെ ദേശീയപുഷ്പമാണ് താമര. അതുകൊണ്ടാവാം, രാജ്യം ഓരോ വർഷവും പ്രഖ്യാപിക്കുന്ന ഉന്നത സിവിലിയൻ ബഹുമതികളുടെ പേരിനൊപ്പം പദ്മ ചേർന്നത്. അതെന്തായാലും ഭാരതീയ പുരാണങ്ങളിലും ഇതിഹാസങ്ങളിലുമെല്ലാം പദ്മത്തിന് ആത്മീയതയുടെയും ആത്മജ്ഞാനത്തിന്റെയും വിശുദ്ധിയുടെ പരിവേഷം കൂടിയുണ്ട്. ജ്ഞാനത്തിന്റെ സാകേതമാണ് അത്. പദ്മ പുരസ്കാരങ്ങൾക്ക് ഓരോ വർഷവും തെരഞ്ഞെടുക്കപ്പെടുന്നത് വിഭിന്ന മേഖലകളിലെ ശ്രദ്ധേയവും വിശിഷ്ടവുമായ സംഭാവനകൾകൊണ്ട് ജ്ഞാനത്തിന്റെയും പ്രതിഭയുടെയും പ്രകാശം പരത്തുന്നവരാണ്. പദ്മ ബഹുമതികൾക്ക് പ്രതിഭകളെ തെരഞ്ഞെടുക്കുന്നതും പ്രഖ്യാപിക്കുന്നതും കേന്ദ്ര സർക്കാരാണ് എന്നതുകൊണ്ടുതന്നെ, അതുമായി ബന്ധപ്പെട്ട് ചിലപ്പോഴൊക്കെ ചില വിപരീത ശബ്ദങ്ങളും വിവാദങ്ങളും ഉയരുക സ്വാഭാവികം. എന്തായാലും അത്തരം അഭിപ്രായ ഭിന്നതകൾക്കൊന്നും ഇടംകൊടുക്കുന്നതായിരുന്നില്ല, ഇത്തവണത്തെ പദ്മ പുരസ്കാര പ്രഖ്യാപനമെന്നത് ശുഭകരവും ആഹ്ളാദകരവും തന്നെ.
കേരളത്തിൽ നിന്ന് ഇത്തവണ പദ്മ ബഹുമതികൾക്ക് അർഹരായത് ഒൻപതു പേരാണ്. ജസ്റ്റിസ് എം. ഫാത്തിമാബീവി, ഉഷാ ഉതുപ്പ്, ഒ. രാജഗോപാൽ എന്നിവർക്ക് പദ്മഭൂഷണും, മുനി നാരായണ പ്രസാദ്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി, സദനം ബാലകൃഷ്ണൻ, ഇ.പി. നാരായണൻ, സത്യനാരായണ ബെലേരി, മരണാനന്തര ബഹുമതിയായി പി. ചിത്രൻ നമ്പൂതിരിപ്പാട് എന്നിവർക്ക് പദ്മശ്രീയും. പദ്മഭൂഷൺ ബഹുമതി നേടിയ ജസ്റ്റിസ് എം. ഫാത്തിമാ ബീവി നീതിന്യായ രംഗത്തും ഉഷാ ഉതുപ്പ് സംഗീത കലാരംഗത്തും സ്വന്തം പേര് അടയാളപ്പെടുത്തിയവരാണ്. അതതു രംഗത്ത് രണ്ടുപേരും ഒരു ചരിത്രവുമാണ്. ജനസംഘത്തിന്റെ പശ്ചാത്തലമുള്ള മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയും ഒക്കെയാണെങ്കിലും ഒ. രാജഗോപാൽ ആകട്ടെ, രാഷ്ട്രീയ വ്യക്തിത്വത്തിനപ്പുറം വ്യക്തിപ്രഭാവമുള്ള നേതാവും, പൊതുജീവിതത്തിൽ താപസ ഹൃദയം സൂക്ഷിക്കുന്ന അപൂർവ മാതൃകയുമാണ്.
ആത്മീയാന്വേഷണങ്ങളിലെ പ്രകാശ രചനകളാണ് പദ്മശ്രീക്ക് അർഹനായ മുനി നാരായണ പ്രസാദിന്റേത്. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പദ്മശ്രീ നേടിയത് സാഹിത്യ വിഭാഗത്തിലാണെങ്കിലും, എഴുത്തിനപ്പുറം മലയാളികളുടെയാകെ ചിന്തകളിൽ, രാജകീയ പരിവേഷങ്ങൾക്കപ്പുറത്തെ ലളിതജീവിതത്തിന്റെയും സമഭാവനയുടെയും വെളിച്ചം വിതറുന്ന നിത്യസാന്നിദ്ധ്യമാണ്. കേരളീയ തനതു പാമ്പര്യത്തിന്റെ ഈടുവയ്പുകളായ കഥകളി, തെയ്യം അരങ്ങുകളിൽ നിന്നുള്ള ആചാര്യമുഖങ്ങളാണ് സദനം ബാലകൃഷ്ണനും ഇ.പി. നാരായണനും. പരമ്പരാഗത നെൽവിത്തു ശേഖരണത്തിലൂടെ കാർഷിക സംസ്കൃതിയുടെ ഹൃദയപ്രവാഹം തേടുന്ന വിശുദ്ധജീവിതത്തിനുടമയാണ് കാസർകോട്ടെ സത്യനാരായണ ബെലരി. വിദ്യാഭ്യാസ വിദഗ്ദ്ധനും എഴുത്തുകാരനുമായ ചിത്രൻ നമ്പൂതിരിപ്പാടിനുള്ള പദ്മ സമ്മാനമാകട്ടെ, മരണാന്തര ബഹുമതിയാണ്. മലയാളത്തിന്റെ സംസ്കാരത്തെയും മഹിമയേയും ചേർത്തുപിടിച്ച സുകൃതമുണ്ട് ഇവരോരുത്തരുടെയും ജീവിതത്തിന്.
മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, നർത്തകിയും നടിയുമായ വൈജയന്തിമാല ബാലി എന്നിവരുൾപ്പെടെ അഞ്ചു പേരാണ് പദ്മവിഭൂഷൺ ബഹുമതിക്ക് അർഹരായത്. ആകെ പതിനേഴു പേർക്ക് പദ്മഭൂഷണും 110 പേർക്ക് പദ്മശ്രീയും ലഭിച്ചു. ബഹുമതികൾക്ക് അർഹരായവരിൽ മുപ്പതു പേർ വനിതകളാണ് എന്നതും ഈ ദേശീയ സമ്മാനങ്ങളുടെ പ്രഭയാണ്. റിപ്പബ്ളിക് ദിനത്തലേന്നു വൈകിട്ടാണ് ഓരോ വർഷവും പദ്മ പുരസ്കാരങ്ങളുടെ പ്രഖ്യാപനം. ഇത്തവണ കുറേക്കൂടി വൈകി രാത്രി പത്തരയും കഴിഞ്ഞു, പുരസ്കാരപ്പേരുകൾ പുറത്തുവരാനെന്നത് പ്രത്യേകം പറയാതെ വയ്യ. കാരണം, ബഹുമതികൾക്ക് അർഹരാകുന്ന ചിലരുടെയെങ്കിലും നിശബ്ദ സംഭാവനകൾ പൊതുസമൂഹം വേണ്ടത്ര അറിഞ്ഞിരിക്കണമെന്നില്ല. പല മേഖലകളിൽ ഇവരോരോരുത്തരുടെയും സംഭാവനകളെക്കുറിച്ചുള്ള വിശദാംശങ്ങൾ വാർത്തയ്ക്കൊപ്പം തന്നെ നൽകുന്നതിന് ഈ അസമയത്തെ പ്രഖ്യാപനം മാദ്ധ്യമങ്ങൾക്ക് ഒരു തടസമായിക്കൂടാ. പദ്മ പ്രഖ്യാപനം റിപ്പബ്ളിക് ദിനത്തിൽ നേരത്തേയാക്കുന്നത് അതിന്റെ സൗരഭ്യം കൂടുതൽ പ്രസരിപ്പിക്കുകയേയുള്ളൂ.