maratta

മുംബയ്: മറാഠാ സംവരണത്തിനായി മഹാരാഷ്ട്ര സർക്കാർ പുതിയ ഓർഡിനൻസ് പുറപ്പെടുവിച്ചതോടെ സമരം അവസാനിപ്പിച്ചു.

സംവരണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായെന്നും നിരാഹാരസമരം അവസാനിപ്പിക്കുയാണെന്നും സമര നേതാവ് മനോജ് ജരാങ്കെ പാട്ടീൽ അറിയിച്ചു. ഏറെ നാളായുള്ള ആവശ്യമായിരുന്നു മാറാഠാ വിഭാഗത്തിന്റെ സംവരണം.

വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ചയാണ് പാട്ടീൽ സമരം തുടങ്ങിയത്.കഴിഞ്ഞ ദിവസം രാത്രി തന്നെ

ഓർഡിനൻസിന്റെ കരട് പകർപ്പ് ഉദ്യോഗസ്ഥ സംഘം നവി മുംബയിലെത്തി സമരക്കാർക്ക് കൈമാറി. ഇതോടെ സമരം അവസാനിപ്പിക്കുന്നതായി പാട്ടീൽ അറിയിച്ചു. പ്രക്ഷോഭകർ ആഹ്ലാദ പ്രകടനം നടത്തി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സമരപ്പന്തലിൽ എത്തി പാട്ടീലിനെ സന്ദർശിച്ചു.

മറാഠാക്കാരെ ഒ.ബി.സി ഉപ വിഭാഗത്തിൽ ഉൾപ്പെടുത്തി സംവരണത്തിന്റെ പരിധിയിൽ കൊണ്ടുവരുന്ന വ്യവസ്ഥകളാണ് ഓർഡിനൻസിൽ ഉള്ളതെന്നാണ് സൂചന. 16 ശതമാനം മറാഠാ സംവരണം റദ്ദാക്കിയ സുപ്രീംകോടതി വിധി മറികടക്കുകയാണ് ലക്ഷ്യം.
ഒ.ബി.സി വിഭാഗത്തിലുൾപ്പെട്ടവരാണെന്ന് തെളിയിക്കുന്ന കുൻബി സർട്ടിഫിക്കറ്റ്, ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം, സർക്കാർ ജോലി റിക്രൂട്ട്‌മെന്റിൽ സംവരണം എന്നിവയായിരുന്നു പാട്ടീൽ നടത്തിയ സമരത്തിന്റെ ആവശ്യങ്ങൾ. ഇവ അംഗീകരിച്ചില്ലെങ്കിൽ

വിലക്ക് ലംഘിച്ച് പ്രക്ഷോഭകർ മുംബയിലേക്ക് കടക്കുമെന്ന് പാട്ടീൽ മുന്നറിയിപ്പ് നൽകിയിരുന്നു. നഗരത്തിലേക്കുള്ള അനുമതി നിഷേധിച്ചതിനെ തുടർന്ന് ആയിരക്കണക്കിന് പ്രക്ഷോഭകർ നവി മുംബയിലെ വാഷിയിൽ തുടർന്നു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ നഗരം സ്തംഭിപ്പിച്ച് സമരം കടുപ്പിക്കാനായിരുന്നു പ്രക്ഷോഭകരുടെ നീക്കം. ഇതിനിടയിലാണ് സർക്കാരിന്റെ അനുനയന നീക്കമുണ്ടായത്. 50 ലക്ഷത്തിനു മേൽ വരുന്ന മറാഠാ വിഭാഗക്കാരെ സംവരണ പരിധിയിൽ കൊണ്ടുവരാനാണ് നീക്കം. 2021 മേയ് 5നാണ് ഉന്നത സ്ഥാപനങ്ങളിലുൾപ്പെടെ മറാഠാ വിഭാഗത്തിനുള്ള സംവരണം സുപ്രീംകോടതി റദ്ദാക്കിയത്.