മലമ്പുഴ: കനാലിൽ മാലിന്യം തള്ളിയ കോഴിക്കോട് ബൈപാസ് റോഡിലെ കൽമണ്ഡപം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഹോട്ടൽ കെ.വി.എസ് ആൻഡ് ഫാമിലി എന്ന സ്ഥാപനത്തിന് 25,000 രൂപ പിഴ ചുമത്തി. ജില്ലാ എൻഫോഴ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച പരാതിയെ തുടർന്ന് ജില്ലാ സ്‌പെഷ്യൽ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ്രണ്ട്, പാലക്കാട് നഗരസഭ, മരുതറോഡ് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിശോധന നടത്തിയത്.
സ്ഥാപനത്തിന്റെ സമീപത്തുള്ള ബങ്കറിൽ മാലിന്യം സൂക്ഷിച്ച് രാത്രിയിൽ കനാലിൽ തള്ളുകയായിരുന്നു. രാത്രി സമയത്ത് കനാലിൽ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ടുള്ള വീഡിയോ പരാതി ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ചിരുന്നു. പരിശോധനക്ക് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് 2 ടീം ലീഡർ വി.പി.ജയൻ, ടീം അംഗങ്ങളായ എ.ഷരീഫ്, കെ.എസ്.പ്രദീപ്, മരുതറോഡ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണിത്താൻ, സെക്രട്ടറി രാമചന്ദ്രൻ, പാലക്കാട് നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ എൻ.സുരേഷ് എന്നിവർ നേതൃത്വം നൽകി.