
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തിരുവനന്തപുരത്തും പ്രതിഷേധം. തൈക്കാട് ഗസ്റ്റ് ഹൗസിന് മുന്നിൽ എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.
നേരത്തെ കൊല്ലം നിലമേലിൽ വച്ചും ഗവർണർക്കെതിരെ പ്രതിഷേധമുണ്ടായിരുന്നു. 'സ്വാമി സദാനന്ദ ആശ്രമത്തിൽ നടക്കുന്ന ഒരു മീറ്റിംഗിൽ പങ്കെടുക്കാനായി പോയതായിരുന്നു ഗവർണർ. പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചതിന് പിന്നാലെ കാറിൽ നിന്നിറങ്ങിയ ഗവർണർ, റോഡരികിലുള്ള കടയുടെ മുന്നിലിരുന്നു പ്രതിഷേധിച്ചിരുന്നു. ഡി ജി പി അടക്കമുള്ളവർ വിളിച്ച് അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ എഫ് ഐ ആറിന്റെ കോപ്പി കണ്ടതോടെയാണ് തിരികെ വണ്ടിയിൽ കയറിയത്.
സംഭവത്തെക്കുറിച്ചറിഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗവർണർക്ക് ഇസഡ് പ്ലസ് സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തുകയും ചെയ്‌തിരുന്നു. ഗവർണർ ഔദ്യോഗിക എക്സ് പേജിലാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഗവർണറെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചതായി രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.
എസ് പി ജി കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയർന്ന സുരക്ഷയാണ് ഇസഡ് പ്ലസ് സിആർപിഎഫ്. ബുള്ളറ്റ് പ്രൂഫ് വാഹനം കൂടാതെ സി ആർ പി എഫ് കമാൻഡോകൾക്കൊപ്പം 55 സുരക്ഷാ ഉദ്യോഗസ്ഥരും ഗവർണർക്കൊപ്പമുണ്ടാകും. നിലവിൽ കേരള പൊലീസാണ് ഗവർണർക്ക് സുരക്ഷയൊരുക്കുന്നത്.