
കണ്ണൂർ:ഒരു ഇടവേളയ്ക്ക് ശേഷം നഗരത്തിൽ വീണ്ടും തുടർമോഷണങ്ങൾ.കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ നഗരത്തിൽ ഏഴ് മോഷണങ്ങളാണ്.ഇതിൽ ഇന്നലെ മാത്രം അഞ്ചിടങ്ങളിൽ കവർച്ച നടന്നു.കണ്ണൂരിന് പുറമെ ജില്ലയിലെ മറ്റ് പ്രധാന ടൗണുകളിലും മോഷ്ടാക്കൾ വിലസുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇതുതന്നെയാണ് സ്ഥിതി. കഴിഞ്ഞ നവംബറിൽ കണ്ണൂർ സിറ്റിയിലെ ആനയിടുക്ക് റെയിൽവെ ഗേറ്റിന് സമീപത്തെ വീട്ടിൽ നിന്നും 25 പവൻ മോഷ്ടിച്ച പ്രതിയെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്.
ജനുവരി ഒന്നിന് കണ്ണോത്തും ചാലിൽ പട്ടാപ്പകൽ വീട് കുത്തി തുറന്ന് ജ്വല്ലറി ഉടമയുടെ വീട്ടിൽ നിന്നും 26 ലക്ഷത്തിന്റെ സ്വർണവും ഡയമണ്ടും കവർന്ന കേസിലെ പ്രതികൾ ഇപ്പോഴും കാണാമറയത്താണ്. കണ്ണൂർ ഫോർട്ട് റോഡിലെ പ്ലാറ്റിനം സെന്ററിലെ ദി കാനനൂർ ഡ്രഗ് സെന്ററിന്റെ ചുമര് തുരന്ന് 1,84,000 രൂപ കവർന്നതും ഈ കഴിഞ്ഞ ഒന്നാം തീയതിയാണ്. ഇതിന് തൊട്ട് മുമ്പ് കണ്ണൂർ ഫോർട്ട് റോഡിലെ ഒരു സ്ഥാപനത്തിന്റെ ചുമര് കുത്തിതുറന്ന് ഒന്നരലക്ഷം കവർന്നതാണ് മറ്റൊരു സംഭവം. സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സ്റ്റേഷനായി കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനെ കഴിഞ്ഞ നവംബറിലാണ് തിരഞ്ഞെടുത്തത്‌കേസുകൾ കൈകാര്യം ചെയ്യുന്നതിലെ മികവ്, ക്രമസമാധാന പരിപാലനം ,കുറ്റാന്വേഷണത്തിലുള്ള കാര്യക്ഷമത എന്നിവയാണ് ടൗൺ സ്റ്റേഷനെ ഈ നേട്ടത്തിലേക്കെത്തിച്ചത്.എന്നാൽ ടൗൺ സ്റ്റേഷന് മൂക്കിന് താഴെ നടക്കുന്ന മോഷണ പരമ്പരയിൽ ഒന്നും ചെയ്യാനാകാത്ത നിലയിലാണ് പൊലീസ്.ബുധനാഴ്ച നഗരത്തിൽ അഞ്ചിടങ്ങളിലാണ് കവർച്ചയും കവർച്ചാശ്രമവും നടന്നത്.കണ്ണൂർ ബല്ലാർഡ് റോഡിലെ കടകളിലാണ് മോഷ്ടാക്കൾ കയറിയത്.ന്യൂ ആനന്ദ് ഹോട്ടലിന്റെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കൾ സ്കൂട്ടർ കവർന്നു.തൊട്ടടുത്ത മസ്താർ ഇന്റസ്ട്രീയിലും മോഷ്ടാക്കൾ കയറി.ഇതിന് രണ്ട് കടകൾക്കപ്പുറമുള്ള ദേവയാനി ജൂവലറി വർക്സിന്റെ പൂട്ട് തകർത്ത് ഷട്ടറിന്റെ പാതി തുറന്നു നിലയിലായിരുന്നു.ഇവിടെ നിന്ന് കാര്യമായി ഒന്നും കൊണ്ടു പോയില്ല.ജ്വല്ളറി വർക്സിന്റെ മുകളിലെ നിലയിലും കൃഷ്ണാ വാച്ച് വർക്സിലും കവർച്ചാ ശ്രമമുണ്ടായി. ജില്ലയിലെ മറ്റ് പ്രധാന ടൗണുകളായ പയ്യന്നൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിലും മോഷ്ടാക്കൾ വിലസുകയാണ്. പയ്യന്നൂർ ബസ് സ്റ്റാൻഡ് പരിസരത്തെ മൊബൈൽ ഫോൺ കടകളിൽ കവർച്ച നടത്തിയ അന്തർസംസ്ഥാന മോഷ്ടാവിനെയും സഹായിച്ച കർണാടക പൊലീസിലെ ഹോംഗാർഡിനെയും ആന്ധ്ര സ്വദേശിയേയും ഈയിടെയാണ് പിടികൂടിയത്. ഇതെ സംഘം കൊണ്ടോട്ടിയും സമാനമായ കവർച്ച നടത്തിയിരുന്നു. അഞ്ചുലക്ഷത്തോളം രൂപയുടെ മൊബൈൽ ഫോണുകളാണ് ബെംഗളൂരു നഗരത്തിലടക്കം ഇവർ വിറ്റഴിച്ചത്.
തളിപ്പറമ്പ് നഗരത്തിൽ വച്ച് യുവതിയുടെ കഴുത്തിൽ നിന്നും മൂന്നര പവൻ തൂക്കമുള്ള മാല പൊട്ടിക്കാൻ ശ്രമം നടന്നത് രണ്ടു ദിവസം മുമ്പാണ്.