തൃശൂർ: അമിതപലിശയ്ക്ക് നിക്ഷേപം സ്വീകരിച്ച് തിരികെ നൽകാത്തതിനാൽ വെസ്റ്റ് ഫോർട്ടിലെ ഫിൻസിയർ നിധി ലിമിറ്റഡ്, ഫിൻസിയർ കുറീസ് ലിമിറ്റഡ് എന്നിവയുടെ ഉടമകളുടെ പേരിലുള്ള സ്ഥാവര, ജംഗമ വസ്തുക്കൾ താത്കാലികമായി ജപ്തി ചെയ്യാൻ കളക്ടർ ഉത്തരവിട്ടു. ജപ്തി സ്ഥിരപ്പെടുത്താൻ കോടതിയിൽ ഹർജി നൽകും. പ്രതികളുടെ എല്ലാ സ്ഥാവര, ജംഗമ വസ്തുക്കളും കണ്ടുകെട്ടാൻ മഹസർ, ലൊക്കേഷൻ സ്‌കെച്ച്, തണ്ടപ്പേർ പകർപ്പ് എന്നിവയുൾപ്പെടെ തഹസിൽദാർമാർ റിപ്പോർട്ട് തയ്യാറാക്കും. സ്വത്തുകളുടെ തുടർന്നുള്ള വിൽപ്പന തടയാൻ ജില്ലാ രജിസ്ട്രാർ ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫീസർമാർക്ക് നൽകും. പ്രതികളുടെ പേരിൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത എല്ലാ മോട്ടോർ വാഹനങ്ങളുടെയും പട്ടിക തൃശൂർ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ തയ്യാറാക്കി കളക്ടറേറ്റിലേക്കും ജില്ലാ പൊലീസ് മേധാവിക്കും കൈമാറും. അക്കൗണ്ട് മരവിപ്പിക്കാൻ ലീഡ്ബാങ്ക് മാനേജറെ ചുമതലപ്പെടുത്തി.