
പള്ളിക്കത്തോട്: മറ്റൊരാളുടെ കാർ പണയം വച്ച് പണം തട്ടിയ രണ്ട് പേർ അറസ്റ്റിൽ. തൃശ്ശൂർ അഴീക്കോട് തോട്ടുങ്കൽ അബ്ദുൾ റഷീൻ (24), വയനാട് സുൽത്താൻബത്തേരി മഞ്ഞപ്പാറ മുണ്ടയിൽ അക്ഷയ് (24) എന്നിവരെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ആനിക്കാട് സ്വദേശിയായ യുവാവിന്റെ മാരുതി സ്വിഫ്റ്റ് ഡിസയർ കാർ മറ്റൊരാളിൽ നിന്നും പതിനായിരം രൂപയ്ക്ക് ഈട് വാങ്ങിയ ശേഷം, 80,000 രൂപയ്ക്ക് ഉടമസ്ഥൻ അറിയാതെ വേറൊരാൾക്ക് പണയപ്പെടുത്തുകയായിരുന്നു. 2022 ഡിസംബർ മാസം കാറിന്റെ ഉടമയായ യുവാവിൽ നിന്നും ഇയാളുടെ സുഹൃത്ത് പിതാവിനെ തമിഴ്നാട്ടിലെ ആശുപത്രിയിൽ കൊണ്ടുപോകാന്നെന്ന് പറഞ്ഞ് കാർ വാങ്ങിയശേഷം നൽകാതെ കബളിപ്പിക്കുകയായിരുന്നു. തുടർന്ന് ഈ വാഹനം പലരിലേക്കായി കൈമറിഞ്ഞു പോയി. യുവാവിന്റെ പരാതിയെ തുടർന്ന് പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിൽ കാർ ഇവരുടെ കൈവശം വന്നതായും, തുടർന്ന് ഇവർ മറ്റൊരാൾക്ക് മറിച്ചു വിൽപ്പന നടത്തിയതായും കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കി.