
കൊട്ടിയം: ബൈപ്പാസ് റോഡിൽ മേവറത്തിനടുത്ത് മോഷ്ടാക്കളുടെ അഴിഞ്ഞാട്ടം വർദ്ധിച്ചിട്ടും കൊട്ടിയം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുന്നില്ലെന്ന് പരാതി. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് റോഡരികിലുള്ള ഒരു സ്ഥാപനത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന പരസ്യ വാഹനത്തിന്റെ ജനറേറ്റർ മോഷ്ടിച്ചിരുന്നു. ബൈപാസ് റോഡിലുള്ള ഏതാനും തട്ടുകടകളുടെ ജനറേറ്ററുകളും മോഷണം പോയി. പ്രദേശത്ത് കഴിഞ്ഞ കുറെ നാളുകളായി മോഷണം തുടർകഥയായി മാറുകയാണ്. ബൈപാസ് റോഡിന് സമീപം സ്ഥാപിച്ചിരുന്ന ക്ഷേത്ര വഞ്ചികൾ കുത്തിത്തുറന്നും മോഷണം നടന്നു. പരസ്യ വാഹനത്തിൽ നിന്നും ജനറേറ്റർ മോഷ്ടിച്ചു കൊണ്ടു പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടും അന്വേഷണമുണ്ടായില്ല. ജനറേറ്ററുമായി മോഷ്ടാവ് പോകുമ്പോൾ നൈറ്റ് പട്രോളിംഗിലുള്ള പൊലീസ് വാഹനം പരിസരത്തുണ്ടായിരുന്നു. കൊട്ടിയം പൊലീസിന്റെ അനാസ്ഥയാണ് മോഷ്ടാക്കളുടെ അഴിഞ്ഞാട്ടം വർദ്ധിക്കാൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ബൈപാസ് റോഡിന്റെ ഒരു വശം ഇരവിപുരം പൊലീസ് സ്റ്റേഷന്റെ പരിധിയിലും മറുവശം കൊട്ടിയം പൊലീസിന്റെ പരിധിയിലുമാണ്. രണ്ട് പൊലീസ് സ്റ്റേഷനുകളിൽ നിന്നും ബൈപാസ് റോഡിൽ രാത്രി കാലവാഹന പരിശോധനയും പട്രോളിംഗും ഊർജിതമാക്കിയാൽ മോഷണങ്ങൾ തടയാനാകുമെന്നാണ് നാട്ടുകാരും വ്യാപാരികളും പറയുന്നത്.