s-priya-

കൊച്ചി: ചെറുബാല്യത്തിൽ ഊരുവിട്ടുപോകേണ്ടിവന്നവളാണ് പ്രിയ. അനാഥബാല്യത്തിന്റെ കയ്പ് ആവോളം കുടിച്ചിട്ടുണ്ട്. പക്ഷേ,​ തളർന്നു പിന്മാറാൻ ഒരുക്കമായിരുന്നില്ല. ഫാഷൻ ഡിസൈനിംഗിൽ മുദ്രപതിപ്പിക്കാനുള്ള വഴിത്തിരിവിൽ എത്തിനിൽക്കുന്ന പ്രിയയുടെ മുതൽക്കൂട്ടും പിന്നിട്ട അനുഭവങ്ങൾതന്നെ. സംസ്ഥാന പട്ടികവർഗ വികസനവകുപ്പിന്റെ പിന്തുണയോടെ കൊച്ചി കേന്ദ്രമാക്കി ഫാഷൻ സ്റ്റാ‌ർട്ടപ്പിന് ഒരുങ്ങുകയാണ് എസ്. പ്രിയ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജി മുംബയ് കേന്ദ്രത്തിൽ നിന്ന് ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

സർക്കാരിന്റെ ഭവനപദ്ധതിവഴി ഒരു വീടുകിട്ടാൻ മാർഗ്ഗമുണ്ടോ എന്നറിയാൻ ആലുവ ട്രൈബൽ ഓഫീസിൽ പോയതാണ് വഴിത്തിരിവായത്. 'ശ്രമിച്ചാൽ സ്വന്തമായി ഒരു വീടുവാങ്ങാമല്ലോ" എന്നാണ് പ്രിയയിലെ പ്രതിഭ തിരിച്ചറിഞ്ഞ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ആർ. അനൂപിന്റെ പ്രതികരണം. സ്വതന്ത്രസംരംഭകയാകാൻ എല്ലാ പിന്തുണയും അദ്ദേഹം അറിയിച്ചു. സർക്കാരിന്റെ 'ഉദയം" പദ്ധതിയിൽ കൊച്ചി നഗരസഭയുടെ സഹകരണത്തോടെ പ്രവർത്തനമൂലധനമായി അഞ്ചു ലക്ഷം രൂപ ലഭ്യമാക്കി. സ്റ്റാർട്ടപ്പ് മിഷനിൽ നിന്ന് 10 ലക്ഷത്തിന്റെ ധനസഹായത്തിന് ശ്രമിക്കാനും അനൂപ് മുൻകൈയെടുത്തു. ഫാഷൻ സംരംഭം തുടങ്ങാനുള്ള തിരക്കിലാണിപ്പോൾ പ്രിയ.

മാനന്തവാടി കല്ലിയോട്ട്കുന്നിൽ കുടുംബ സമുദായ ഊരിൽ 1986ലാണ് പ്രിയ ജനിച്ചത്. ഉറ്റവരുണ്ടെങ്കിലും സാഹചര്യങ്ങൾ അവളെ അനാഥാലയത്തിലെത്തിച്ചു. പത്താം വയസിൽ തൃശൂരിലെ എസ്.ഒ.എസ് ചിൽഡ്രൻസ് വില്ലേജിൽ. ഇവിടത്തെ ജീവിതമാണ് ഉയരാൻ സഹായിച്ചത്. സ്കൂൾ പഠനശേഷം അദ്ധ്യാപികയാകാനാണ് ആലോചിച്ചത്. വരയ്ക്കാൻ കഴിവുള്ളതിനാൽ കൂട്ടുകാർ ഫാഷൻ മേഖല നിർദ്ദേശിച്ചു. ചാലക്കുടി നി‌ർമ്മല കോളേജിൽ ഫാഷൻ ടെക്നോളജി ബിരുദത്തിന് ചേർന്നു. കോഴ്സിന്റെ ഭാഗമായി നടത്തിയ ഫാഷൻ ഷോയിൽ 'ബെസ്റ്റ് കോൺസെപ്റ്റ്" പുരസ്കാരം നേടിയത് പ്രചോദനമായി. പിന്നീട് സിനിമയിലെത്തിയ അമലാപോൾ അടക്കമായിരുന്നു അന്ന് മോഡലുകൾ. മുംബയിലെ പി.ജി പഠനം കൂടുതൽ അറിവുകൾ നല്കി. 2011ൽ പഠിച്ചിറങ്ങിയ പ്രിയ ഫോട്ടോഷൂട്ടുകളിലും ഫാഷൻഷോകളിലും പരസ്യചിത്രങ്ങളിലും സഹായിയായി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കാക്കനാട് ട്രൈബൽ സെറ്റിൽമെന്റിലെ മുപ്പതോളം വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ്മോബിന് വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാൻ അവസരം ലഭിച്ചത് പ്രിയയ്ക്കാണ്.

""എന്റെ സ്റ്റാർട്ടപ്പ് ബൊട്ടീക് എന്നതിനപ്പുറമായിരിക്കും. ഗോത്രശൈലിയിലെ ഡിസൈനാണ് പ്രിയം. ഊരിൽ കണ്ട കാടും കുടിലും മലയുമെല്ലാം ഫാബ്രിക്കിൽ ചിത്രീകരിക്കും.

- എസ്. പ്രിയ