axp

ന്യൂഡൽഹി: സാമ്പത്തിക ഇടപാടിലെ തർക്കത്തിനിടെ ഡൽഹി പൊലീസ് അസിസ്റ്രന്റ് കമാൻഡന്റ് യശ്പാൽ സിംഗിന്റെ മകൻ ലക്ഷ്യ ചൗഹാനെ (24) സുഹൃത്തുക്കൾ കായലിൽ തള്ളിയിട്ടു കൊന്നു. ഹരിയാനയിലെ കനാലിൽ നിന്ന് മൃതദേഹം കണ്ടെത്തി. രണ്ടു സുഹൃത്തുക്കൾ ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. അഭിഷേക് കുമാർ എന്ന സുഹൃത്ത് പിടിയിലായതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. കൂട്ടുപ്രതിയും, അഭിഭാഷക ഓഫീസിലെ ക്ലർക്കുമായ വികാസ് ഭരദ്വാജിനായി തെരച്ചിൽ തുടരുന്നു.

അഭിഭാഷകൻ കൂടിയായ ലക്ഷ്യയെ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കാണാതായത്. വികാസിന്റെ ക്ഷണപ്രകാരം ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ലക്ഷ്യയും അഭിഷേകും ഹരിയാനയിലെ സോനിപതിലേക്ക് പോയെന്നാണ് പൊലീസിന് ലഭിച്ച ആദ്യവിവരം. എന്നാൽ, തട്ടിക്കൊണ്ടുപോയതാണെന്ന സംശയം വന്നതോടെ ബന്ധുക്കൾ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് അഭിഷേക് പിടിയിലായത്.

ലക്ഷ്യ, വികാസി ഭരദ്വാജിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. തിരികെ ചോദിക്കുമ്പോൾ മോശമായി പെരുമാറുന്നത് വികാസിനെ പ്രകോപിപ്പിച്ചു. തുടർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. വിവാഹചടങ്ങിൽ പങ്കെടുത്ത് അർദ്ധരാത്രിയിൽ മടങ്ങുന്ന സമയം കനാലിന് സമീപം ഇവർ കാർ നിറുത്തി. മൂത്രമൊഴിക്കാനെന്ന വ്യാജേന പ്രതികൾ പുറത്തിറങ്ങി. കാറിൽ നിന്നും പുറത്തിറങ്ങിയ ലക്ഷ്യയെ കനാലിലേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് അഭിഷേകിന്റെ മൊഴി.