
കൊച്ചി: വൈവിദ്ധ്യങ്ങളായ സേവനങ്ങളും ഉത്പന്നങ്ങളും വിപണിയിൽ വിറ്റഴിച്ച് ഇന്ത്യയിലെ ബാങ്കുകൾ മികച്ച വരുമാനം നേടുന്നു. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ഒൻപത് മാസക്കാലയളവിൽ പ്രമുഖ ബാങ്കുകളുടെയെല്ലാം പലിശ ഇതര വരുമാനത്തിൽ ഗണ്യമായ വർദ്ധനയുണ്ടായി. മ്യൂച്ച്വൽ ഫണ്ടുകൾ, ഇൻഷ്വറൻസ്, കടപ്പത്രങ്ങൾ തുടങ്ങിയവയുടെ വില്പനയിൽ നിന്നും ലഭിക്കുന്ന കമ്മീഷനുകളും വിവിധ സേവനങ്ങളുടെ ഫീസിനത്തിലും ബാങ്കുകൾക്ക് വൻ ലാഭമാണ് ലഭിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പലിശ വരുമാനത്തിന്റെ നാൽപത് ശതമാനം വരെ മറ്റിനങ്ങളിലും ബാങ്കുകൾക്ക് ലഭിക്കുന്നുണ്ട്. സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ വിപുലമായതോടെ ഒരൊറ്റ കുടക്കീഴിൽ വിവിധങ്ങളായ ധനകാര്യ ഉത്പന്നങ്ങൾ വില്പന നടത്താനുള്ള അവസരമാണ് ബാങ്കുകൾക്ക് ലഭിക്കുന്നത്. ഇതോടെ പ്രമുഖ ബാങ്കുകളെല്ലാം വിവിധ ധനകാര്യ ഉത്പന്നങ്ങളുടെ വിപണന രംഗത്ത് അധിക ഉൗന്നൽ നൽകുകയാണ്. പൊതു മേഖലാ ബാങ്കുകൾ ഉൾപ്പെടെ മൂല്യവർദ്ധിത സേവനങ്ങളും ഉത്പന്നങ്ങളും ലഭ്യമാക്കുന്നതിന് പ്രത്യേക ഡിവിഷനുകളും ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പലിശ ഇതര വരുമാനം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ 11,140 കോടി രൂപയായി ഉയർന്നു. മുൻവർഷം ഇതേകാലയളവിൽ ബാങ്കിന്റെ പലിശ ഇതര വരുമാനം 8500 കോടി രൂപയായിരുന്നു. അവലോകന കാലയളവിൽ എച്ച്.ഡി.എഫ്.സി ബാങ്കിന് പലിശയിൽ നിന്നുള്ള വരുമാനം 28,470 കോടി രൂപയായിരുന്നു.
ഐ.സി.ഐ.സി.ഐ ബാങ്കിന്റെ പലിശ ഇതര വരുമാനം 19.8 ശതമാനം ഉയർന്ന് 5973 കോടി രൂപയിലെത്തി. ഫീ ഇനത്തിൽ ബാങ്കിന് ലഭിച്ചത് 5313 കോടി രൂപയാണ്. മൂന്നാം ത്രൈമാസക്കാലയളവിൽ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ പലിശ വരുമാനം മുൻവർഷം ഇതേകാലയളവിനേക്കാൾ 13.46 ശതമാനം ഉയർന്ന് 18,678 കോടി രൂപയിലെത്തി. മറ്റൊരു പ്രമുഖ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കിന്റെ പലിശ ഇതര വരുമാനം അവലോകന കാലയളവിൽ 22 ശതമാനം ഉയർന്ന് 5,555 കോടി രൂപയായി, ബാങ്കിന് ഈ കാലയളവിൽ 12,532 കോടി രൂപയാണ് പലിശ വരുമാനമായി ലഭിച്ചത്.
യെസ് ബാങ്കിന്റെ അറ്റാദായം നാലിരട്ടി ഉയർന്നു
കൊച്ചി: രാജ്യത്തെ മുൻനിര സ്വകാര്യ ബാങ്കായ യെസ് ബാങ്ക് പ്രതിസന്ധികൾ മറികടന്ന് മികച്ച പ്രകടനത്തിലേക്ക്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ യെസ് ബാങ്കിന്റെ അറ്റാദായം നാലിരട്ടി ഉയർന്ന് 231 കോടി രൂപയിലെത്തി. കിട്ടാക്കടങ്ങൾക്ക് വേണ്ടി മാറ്റിവയ്ക്കുന്ന പ്രൊവിഷനുകളിലുണ്ടായ കുറവാണ് ലാഭം കൂടാൻ സഹായിച്ചത്. ബാങ്കിന്റെ പലിശ വരുമാനം 2.3 ശതമാനം ഉയർന്ന് 2017 കോടി രൂപയായി.
ലാഭമാർജിൻ കുറയുന്നു
നിക്ഷേപങ്ങൾക്കായുള്ള മത്സരം കടുത്തതോടെ ബാങ്കുകളുടെ ലാഭമാർജിൻ കുത്തനെ കുറയുന്നു. രാജ്യത്തെ മുൻനിര ബാങ്കുകളായ എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയവയുടെയെല്ലാം മാർജിനിൽ കഴിഞ്ഞ പാദത്തിൽ വലിയ കുറവുണ്ടായി.