crpf

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ ഏറ്റെടുത്ത് സി ആർ പി എഫ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന് പിന്നാലെയാണ് നടപടി. മുപ്പത് അംഗ സി ആർ പി എഫ് സംഘമാണ് രാജ്ഭവനിലെത്തിയത്. തുടർന്ന് മസ്‌കറ്റ് ഹോട്ടലിലേക്കുള്ള ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയ്ക്ക് സുരക്ഷയൊരുക്കി.

നേരത്തെ സുരക്ഷയൊരുക്കിയ കേരള പൊലീസ് സംഘവും ഗവർണർക്കൊപ്പം തുടരുന്നുണ്ട്. മസ്‌കറ്റ് ഹോട്ടലിലെ പരിപാടിക്ക് ശേഷം ആറേ കാലോടെ ഗവർണർ ബംഗളൂരുവിലേക്ക് പുറപ്പെടും. പൂർണമായും സുരക്ഷാ ഉദ്യോഗസ്ഥരുടെ തീരുമാനത്തിലാകും ഇനി ഗവർണറുടെ യാത്ര.

നേരത്തെ കൊല്ലം നിലമേലിൽ വച്ച് ഗവർണർക്കെതിരെ പ്രതിഷേധമുണ്ടായിരുന്നു. സ്വാമി സദാനന്ദ ആശ്രമത്തിൽ നടക്കുന്ന ഒരു മീറ്റിംഗിൽ പങ്കെടുക്കാനായി പോയതായിരുന്നു ഗവർണർ. പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചതിന് പിന്നാലെ കാറിൽ നിന്നിറങ്ങിയ അദ്ദേഹം, റോഡരികിലുള്ള കടയുടെ മുന്നിലിരുന്നു പ്രതിഷേധിച്ചിരുന്നു. ഒടുവിൽ എഫ് ഐ ആറിന്റെ കോപ്പി കണ്ടതോടെയാണ് തിരികെ വണ്ടിയിൽ കയറിയത്. സംഭവത്തെക്കുറിച്ചറിഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗവർണർക്ക് ഇസഡ് പ്ലസ് സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തുകയായിരുന്നു.

എസ് പി ജി കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയർന്ന സുരക്ഷയാണ് ഇസഡ് പ്ലസ് സിആർപിഎഫ്. ബുള്ളറ്റ് പ്രൂഫ് വാഹനവും നൽകും. ആവശ്യമെങ്കിൽ എൻ എസ് ജി കമാൻഡോസും ഗവർണർക്ക് സുരക്ഷയൊരുക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ രാജ്യത്ത് നാൽപ്പത് പേർക്ക് മാത്രമാണ് ഇസഡ് പ്ലസ് സുരക്ഷ നൽകുന്നത്. അൽപം മുമ്പ് തിരുവനന്തപുരത്തുവച്ചും എസ് എഫ് ഐ പ്രവർത്തകർ ഗവർണർക്കെതിരെ പ്രതിഷേധിച്ചിരുന്നു.