sivankutty

തിരുവനന്തപുരം: സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ള ആളുകളിലേക്ക് കടന്നു ചെല്ലുന്ന സ്‌പോർ‌ട്‌സ് അക്കാഡമികൾക്ക് മാത്രമേ ഭാവിയിലേക്കുള്ള മികച്ച താരങ്ങളെ വാർത്തെടുക്കാനാകൂവെന്ന് വിദ്യാഭ്യാസ മന്ത്രി ബി. ശിവൻ കുട്ടി പറഞ്ഞു. കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉകോടിയിൽ 'അക്കാഡമിക്‌സ് ആന്റ് ഹൈ പെർഫോമൻസ് സെന്റേഴ്‌സ്' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ താഴെക്കിടയിൽ നിരവധി മികച്ച പ്രതിഭകളുണ്ട്. ഇവരെ കണ്ടെത്തി കൃത്യമായ പരിശീലനം നൽകുന്ന അക്കാഡമികൾ നമുക്കാവശ്യമാണ്. ഇത്തരം അക്കാഡമികളിലും ഫെഡറേഷനുകളിലും രാഷ്ട്രീയത്തിന് സ്ഥാനമില്ല. കളിമികവ് മാത്രമായിരിക്കണം മാനദണ്ഡം. അന്താരാഷ്ട്ര ഫുട്‌ബോൾ ക്ലബ്ബുകളുടെ അക്കാദമികൾ കേരള സർക്കാറുമായി സഹകരിക്കുന്നുണ്ട്.

വിദ്യാഭ്യാസമേഖലയിൽ കായിക പഠനത്തിന് പ്രാധാന്യം നൽകിയുള്ള പരിഷ്‌ക്കാരങ്ങൾ അടുത്ത അധ്യയനവർഷം മുതൽ നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. സായ് റീജിയണൽ ഡയറക്ടറും ലക്ഷിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ പ്രിൻസിപ്പാളുമായ ജി.കിഷോർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്ട്‌സിലെ പരിശീലകൻ എം.വി. നിഷാദ് കുമാർ, എസി മിലൻ ടെക്‌നിക്കൽ ഡയറക്ടർ ആൽബർട്ടോ ലെസാൻഡലേ, ശ്രീ രാമചന്ദ്ര യൂണിവേഴ്‌സിറ്റി സ്‌പോർട്‌സ് മെഡിസിൻ തലവൻ ഡോ. ത്യാഗരാജൻ, ഇൻഫ്രാസ്ട്രച്ചർ സ്‌പെഷ്യലിസ്റ്റ് വിക്രം പാൽ, ദ്രോണാചാര്യ അവാർഡ് ജേതാവ് ടി. പി. ഔസേപ്പ് എന്നിവർ സംസാരിച്ചു.