തിരുവനന്തപുരം: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന കരിയർ കാർണിവൽ തൊഴിൽ മേളകൾക്ക് ഇന്ന് തുടക്കമാകും. പട്ടം ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് മേള. യുവതീയുവാക്കൾക്കായി നൽകിവരുന്ന തൊഴിൽ നൈപുണ്യ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് രജിസ്‌ട്രേഷനും ഇതോടൊപ്പം ഉണ്ടാകും. രാവിലെ 9 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. ടൂറിസം, ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റ്, ഫിനാൻസ്, ടെലികോം, ഫുഡ് പ്രോസസിംഗ്, ഹെൽത്ത് കെയർ, ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയടക്കം വ്യത്യസ്ത മേഖലകളിൽ നിന്നുള്ള 75ലേറെ പ്രമുഖ തൊഴിൽദാതാക്കൾ മേളയിൽ പങ്കെടുക്കും. അഭിരുചിയും താത്പര്യവും തൊഴിൽ നൈപുണ്യശേഷിയുമുള്ള ഉദ്യോഗാർത്ഥികളെ അഭിമുഖം വഴി തിരഞ്ഞെടുക്കും. അടുത്തമാസം 3ന് നെടുമങ്ങാട് ഗ്രീൻലാൻഡ് ഓഡിറ്റോറിയം, 6ന് നെയ്യാറ്റിൻകര ടി.ജെ ഓഡിറ്റോറിയം, 9ന് ബാലരാമപുരം പ്രിയതമ ഓഡിറ്റോറിയം, 17ന് ആറ്റിങ്ങൽ ദ്വാരക ഓഡിറ്റോറിയം എന്നിവിടങ്ങളിലായി ബ്ലോക്കുതല തൊഴിൽമേളകളും നടക്കും.