
ന്യൂയോർക്ക്: മുൻ മാദ്ധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ ഇ. ജീൻ കാരൾ നൽകിയ മാനനഷ്ടക്കേസിൽ യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. ട്രംപ് കാരളിന് 8.33 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് ന്യൂയോർക്കിലെ മാൻഹട്ടൺ കോടതി ഉത്തരവിട്ടു. വിധി പ്രഖ്യാപിക്കും മുമ്പ് കോടതിയിൽ നിന്ന് ഇറങ്ങിപ്പോയ ട്രംപ് അപ്പീൽ നൽകുമെന്ന് അറിയിച്ചു. വിധി തീർത്തും പരിഹാസ്യമാണെന്നും പ്രതികരിച്ചു.
1996ൽ ന്യൂയോർക്ക് സിറ്റിയിലെ വസ്ത്രശാലയുടെ ഡ്രെസിംഗ് റൂമിൽ വച്ച് ട്രംപ് തന്നെ മാനഭംഗപ്പെടുത്തിയെന്നും പുറത്തറിയാതിരിക്കാൻ ഭീഷണിപ്പെടുത്തിയെന്നും 2019ൽ കാരൾ ആരോപിച്ചിരുന്നു. കാരളിനെ തനിക്കറിയില്ലെന്നും പ്രശസ്തിക്കായി അവർ കള്ളം പറയുകയാണെന്നുമാണ് ട്രംപ് പ്രതികരിച്ചത്. പുസ്തകങ്ങൾ വിറ്റഴിക്കാനുള്ള കാരളിന്റെ തന്ത്രമാണ് ആരോപണമെന്ന് ട്രംപ് വാദിച്ചു. ട്രംപ് തന്നെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചതിനെതിരെയാണ് 80കാരിയായ കാരൾ മാനനഷ്ടക്കേസ് നൽകിയത്. അതേസമയം, ജീൻ കാരൾ നേരത്തെ നൽകിയ സിവിൽ കേസിൽ ട്രംപിനെതിരെ മാനഭംഗ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും കാരൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതായി കണ്ടെത്തിയിരുന്നു. 1993 മുതൽ 2019 വരെ എൽ മാഗസിനിലെ അഡ്വൈസ് കോളമിസ്റ്റായിരുന്നു ജീൻ.