
കടത്തനാടൻ മണ്ണിൽ പൂഴിക്കടകൻ പാറിച്ച തച്ചോളി ഒതേനന്റെ പോരാട്ട വീര്യംകൊണ്ടും ചോരകൊണ്ടും
ചുവന്ന ഭൂമികയാണ് വടകര. കോ-ലി-ബി സഖ്യമടക്കം രാഷ്ട്രീയ പരീക്ഷണങ്ങൾ ഒരു പാടുകണ്ട ദേശം. ടി.പി. ചന്ദ്രശേഖരന്റെ അരുംകൊലകൊണ്ട് വിറങ്ങലിച്ചുപോയ രാഷ്ട്രീയ ഇടനാഴി. അവിടെ വീണ്ടും ലോക്സഭയുടെ അങ്കത്തട്ടുയരുമ്പോൾ ഉറുമിയും പരിചയും വാളുകളുമെല്ലാം മിന്നൽപ്പിണരുയർത്തുമെന്ന് തീർച്ച.
വർഷങ്ങളോളം സി.പി.എം ഉരുക്കുകോട്ട കെട്ടി കാത്തുസൂക്ഷിച്ച വടകര മണ്ഡലം ഇപ്പോൾ കോൺഗ്രസിന്റെ കൈകളിലാണ്. 2004ലാണ് സി.പി.എമ്മിന്റെ അവസാന ജയം. അത് ഒരു ഒന്നൊന്നര ജയമായിരുന്നു. ഇപ്പോഴത്തെ വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവിയായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി. എതിരാളി എം.ടി.പത്മ. ഒരുലക്ഷത്തി മുപ്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അന്ന് സതീദേവിക്ക്. 2009 ആയതോടെ കഥ മാറി. ടി.പി. ചന്ദ്രശേഖരൻ പാർട്ടിവിട്ട് റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടിയുണ്ടാക്കി. സി.പി.എം ആടിയുലഞ്ഞു. സതീദേവി തന്നെ സ്ഥാനാർത്ഥിയായെങ്കിലും കോൺഗ്രസിന്റെ മുല്ലപ്പള്ളി രാമചന്ദ്രൻ അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് സതീദേവിയെ തളച്ചു.
ആ ഞെട്ടലിൽ നിന്ന് ഇന്നും പാർട്ടി മാറിയിട്ടില്ല. 2014ലും മുല്ലപ്പള്ളി നയിച്ചു. എതിരിടാൻ കണ്ണൂരിൽ നിന്ന് നിലവിലെ നിയസഭാ സ്പീക്കർ എ.എൻ. ഷംസീറിനെ ഇറക്കി. തലശ്ശേരി നിയമസഭാ മണ്ഡലം കൂടി വടകരയുടെ ഭാഗമായതിനാൽ മണ്ഡലം ഷംസീറിലൂടെ തിരിച്ചുപിടിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷെ പിഴച്ചു. മുല്ലപ്പള്ളിക്കു തന്നെ ജയം. 2012-ൽ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം. പിണറായിയുടെ കുലംകുത്തി പ്രയോഗവും പാർട്ടി വിലക്ക് മറികടന്ന് വി.എസ്. അച്യുതാനന്ദൻ ചന്ദ്രശേഖരന്റെ വീട് സന്ദർശിച്ചതുമെല്ലാം സി.പി.എമ്മിനെ തിരിച്ചടിച്ചു.
2019 ആയപ്പോൾ കടത്തനാടൻ അങ്കത്തട്ടിൽ പതിനെട്ടാമത്തെ അടവ് പ്രയോഗിക്കാൻ കരുത്തനായ പി.ജയരാജനെ പാർട്ടി ഇറക്കി. മറുവശത്ത് അടവും തടവുമെല്ലാം നന്നായിട്ടറിയാവുന്ന കെ.മുരളീധരനും. പോർവിളിയും കച്ചമുറുക്കലുമായി അങ്കത്തട്ട് കലുഷിതമായി. പക്ഷെ വോട്ടെണ്ണിയപ്പോൾ കെ.മുരളീധരൻ 84,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചുകയറി.
ഒന്നൊഴികെ
ആറും ഇടത്ത്
തലശ്ശേരി, കൂത്തുപറമ്പ്, വടകര, കുറ്റ്യാടി, നാദാപുരം,കൊയിലാണ്ടി, പേരാമ്പ്ര നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് വടകര ലോക്സഭാ നിയോജക മണ്ഡലം. മുൻപ് തലശ്ശേരി, പെരിങ്ങളം, വടകര, പേരാമ്പ്ര, കൊയിലാണ്ടി, നാദാപുരം, മേപ്പയൂർ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതായിരുന്നു വടകര. മേപ്പയ്യൂരാണ് പേരുമാറി കുറ്റ്യാടി ആയത്. വടകരയുടെ ചരിത്രമായി മാറിയ ലോക്സഭാ സാമാജികൻ കെ.പി.ഉണ്ണികൃഷ്ണനായിരുന്നു. 1977മുതൽ 91വരെ അഞ്ചുവട്ടമാണ് ഉണ്ണികൃഷ്ണൻ വടകരയുടെ എം.പിയായത്. ആറാം വട്ടം കളംമാറി മത്സരിച്ചപ്പോൾ സി.പി.എമ്മിലെ ഒ.ഭരതനു മുമ്പിൽ കാലിടറി. അപ്പോഴെല്ലാം മണ്ഡലം ഇടതുപക്ഷത്തുതന്നെ നിലയുറപ്പിച്ചു.
2009ൽ ടി.പി.ചന്ദ്രശേഖരൻ സി.പി.എം വിട്ടപ്പോൾ ഇവിടെ സ്വതന്ത്ര സ്ഥാനാർഥായി മത്സരിച്ചത് മറ്റൊരു ചരിത്രം. അന്ന് സതീദേവിയെ തോൽപിക്കാൻ ചന്ദ്രശേഖരൻ പിടിച്ച 20000 വോട്ടും മുല്ലപ്പള്ളിയുടെ ജയത്തിന് മാറ്റു കൂട്ടി. മൂന്നുതവണ ലോക്സഭാ സീറ്റ് നഷ്ടപ്പെട്ടതിന്റെ ക്ഷീണത്തിലിരിക്കേ കഴിഞ്ഞതവണ നിയമസഭാ സീറ്റും സി.പി.എമ്മിനു നഷ്ടമായി. അതും പാർട്ടിയുടെ ആജന്മ ശത്രു ടി.പി.ചന്ദ്രശേഖരന്റെ വിധവ കെ.കെ.രമയോട്. വടകരയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളും കൈയ്യിലൊതുക്കിയിരുന്ന ഇടതുപക്ഷത്തിന് വടകര നിയമസഭാ മണ്ഡലം നഷ്ടപ്പെട്ടത് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. സി.പി.എമ്മിനെ സംബന്ധിച്ച്, ഇത്തവണ ലോക്സഭയും വരുന്ന നിയമസഭാ കാലത്ത് വടകര നിയമസഭാ മണ്ഡലവും തിരിച്ചുപിടിക്കുകയാണ് ഇനിയുള്ള ഭഗീരഥ പ്രയത്നം.
രണ്ടാമങ്കത്തിന്
മുരളീധരൻ
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വടകരയിൽ ആര് മത്സരിക്കണമെന്ന കാര്യത്തിൽ ആശങ്കയില്ല. നിലവിലെ എം.പി കെ.മുരളീധരൻ തന്നെ ഇത്തവണയും സ്ഥാനാർത്ഥിയാവും. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ വടകരയിൽ മുരളീധരൻ രാഷ്ട്രീയഭേദമന്യേ സ്വീകാര്യനായിക്കഴിഞ്ഞു. തുടക്കത്തിൽ ഇനി മത്സരിക്കാനില്ലെന്ന നിലപാടൊക്കെ എടുത്തെങ്കിലും മത്സരിക്കുന്നെങ്കിൽ വടകര മാത്രമെന്ന് മുരളീധരൻ പ്രഖ്യാപിച്ചുകഴിഞ്ഞു. ഒരുക്കങ്ങളും തുടങ്ങി.
സി.പി.എമ്മിലാണ് സ്ഥാനാർഥി ആരാകണമെന്നതിൽ ആശങ്ക. ഷംസീറിനെയും പി. ജയരാജനെയും ഇറക്കിയിട്ടും രക്ഷയില്ലാത്ത മണ്ഡലത്തിൽ ഇനി ആരെന്നത് ബാലികേറാമലയാണ്. ആരോഗ്യമന്ത്രിയെന്ന നിലയിൽ തിളക്കമേറിയ പ്രവർത്തനം നടത്തി ജനകീയയായ കെ.കെ. ശൈലജയാണ് പരിഗണനയിൽ മുന്നിൽ. എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയും ഇപ്പോൾ ഒഞ്ചിയം ഏരിയാ സെക്രട്ടറിയുമായ ടി.പി.ബിനീഷിന്റെ പേരും പരിഗണനയിലുണ്ട്.
വിഹിതം കൂട്ടി
ബി.ജെ.പി
2009മുതൽ ബി.ജെ.പിയുടെ ഗ്രാഫ് മുകളിലേക്കാണ്. ജയം പ്രതീക്ഷിക്കുന്നില്ലെങ്കിലും ഇത്തവണത്തെ അനുകൂല സാഹചര്യങ്ങൾ വലിയ വോട്ടുവർദ്ധനയിലേക്കു പോകുമെന്നാണ് നേതാക്കൾ പറയുന്നത്. 2009-ൽ 40,391യിരുന്നു കെ.പി. ശ്രീശൻ നേടിയ വോട്ട്. 2014ൽ നിലവിൽ പാർട്ടി ജില്ലാ പ്രസിഡന്റായ വി.കെ. സജീവൻ മത്സരിച്ചപ്പോൾ 76,313 ആയി ഉയർന്നു. കഴിഞ്ഞ തവണയും സജീവനായിരുന്നു സ്ഥാനാർത്ഥി. വോട്ട് 80,128. ഇത്തവണ, മണ്ഡലത്തിലുള്ള ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, വി.കെ സജീവൻ, യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നു.
2019- ലെ വോട്ട്
കെ. മുരളീധരൻ (കോൺഗ്രസ്) 5,26,755
പി. ജയരാജൻ (സി.പി.എം) 4,42,092
വി.കെ. സജീവൻ (ബി.ജെ.പി) എൻ.ഡി.എ 80,128
വടകര മണ്ഡലം -നേതാക്കളുടെ പ്രതികരണം
വലിയ
മാറ്റം
വടകര, മാഹി, തലശ്ശേരി റെയിൽവേ സ്റ്റേഷനുകളിൽ വലിയ വികസനം നടക്കുന്നു. ദേശീയപാതാ വികസനത്തിനുള്ള സ്ഥലമടുപ്പിന്റെ തർക്കങ്ങൾ പരിഹരിച്ചുവരുന്നു. കേന്ദ്ര പദ്ധതിയിൽ ഗ്രാമീണ റോഡുകളുടെ വികസനം വേഗത്തിലാണ്. എം.പി ഫണ്ടിൽ നിന്ന് 46 പഞ്ചായത്തുകൾക്കും ആറ് മുനിസിപ്പാലിറ്റികൾക്കും തുക.
- കെ. മുരളീധരൻ, എം.പി
ഒന്നും
നടന്നില്ല
കേന്ദ്ര ഫണ്ടുപയോഗിച്ചുള്ള ചില ഗിമ്മിക്കുകൾ നടന്നതല്ലാതെ റെയിൽവേ വികസനം പോലും നടന്നിട്ടില്ല. പെരുവണ്ണാമൂഴി സി.ആർ.പി.എഫ് കേന്ദ്രത്തിന് സർക്കാർ സ്ഥലം അനുവദിച്ചിട്ടും എം.പി തിരിഞ്ഞുനോക്കാത്ത അവസ്ഥ. കാർഷിക, വ്യവസായ മേഖലകളിൽ സംസ്ഥാന പദ്ധതികളല്ലാതെ ഒരു വികസനവും ഉണ്ടായിട്ടില്ല.
ടി.പി.രാമകൃഷ്ണൻ എം.എൽ.എ (സി.പി.എം)
ഇരുകൂട്ടരും
കൈവിട്ടു
അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും ഒന്നും നടക്കാത്ത മണ്ഡലം. കളരിയുടെ ഈറ്റില്ലമായ ഇവിടെ അതുമായി ബന്ധപ്പെട്ട് ഒരു വികസനവുമില്ല. കേന്ദ്രത്തിന്റെ ദേശീയപാതാ, റെയിൽവേ വികസന പദ്ധതികളല്ലാതെ ഒന്നും നടന്നിട്ടില്ല. കാർഷിക, വ്യാവസായിക മേഖലകളിലും കടുത്ത അവഗണനയാണ് മണ്ഡലത്തിന്.
- ടി.പി. ജയചന്ദ്രൻ (ബി.ജെ.പി)