
കൊല്ലം: മുഖ്യമന്ത്രിയുടെ കൂലിത്തൊഴിലാളികളാണ് തന്റെ കാറിൽ ഇടിക്കാൻ ശ്രമിച്ചതെന്ന് നിലമേലിലെ പ്രതിഷേധ സമരം അവസാനിപ്പിച്ച ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കരിങ്കൊടി കാട്ടുന്നതിൽ പ്രശ്നമില്ല. കാറിലേക്ക് പാഞ്ഞടുത്ത് ആക്രമിക്കാൻ ശ്രമിക്കുന്നതാണ് പ്രശ്നം. ചിലർ കാറിൽ ഇടിക്കാൻ ശ്രമിച്ചു. തിരുവനന്തപുരത്ത് സംഭവിച്ചത് ആവർത്തിക്കാനായിരുന്നു ശ്രമം. അവിടുണ്ടായിരുന്ന പൊലീസ് തടഞ്ഞില്ല. മുഖ്യമന്ത്രിയാണ് കടന്നുപോയതെങ്കിൽ നിഷ്ക്രിയരായി നിന്ന് കാറിൽ ഇടിക്കാൻ അവസരം ഒരുക്കുമായിരുന്നോ?. പൊലീസുകാരെ കുറ്റം പറയുന്നില്ല. അവർ മുകളിൽ നിന്നുള്ള നിർദ്ദേശ പ്രകാരമാണ് പ്രവർത്തിക്കുന്നത്. നിയമലംഘകരെ സംരക്ഷിക്കാനുള്ള നിർദ്ദേശം അവർക്ക് നൽകിയത് മുഖ്യമന്ത്രിയാണ്. സംസ്ഥാനത്തിന്റെ തലവൻ എന്ന നിലയിൽ നിയമലംഘനം അനുവദിക്കാനാകില്ല. പ്രതിഷേധക്കാരെ എത്തിച്ചത് പൊലീസ് ജീപ്പിലാണ്. അതേ ജീപ്പിൽത്തന്നെ അവരെ കൊണ്ടുപോവുകയായിരുന്നു. 17 പേർ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിൽ അവരെ നീക്കാൻ എന്തുകൊണ്ട് പൊലീസിന് കഴിഞ്ഞില്ല. അമ്പതിലേറെപ്പേരെ താൻ കണ്ടതാണെന്നും ഗവർണർ പറഞ്ഞു.