
ജയിലർ ഓഡിയോ ലോഞ്ചിനിടെ നടത്തിയ കാക്ക- പരുന്ത് പരാമർശത്തിൽ വിശദീകരണവുമായി സൂപ്പർതാരം രജനികാന്ത്. താൻ പറഞ്ഞത് വിജയ്‌ക്ക് എതിരെയാണെന്ന് ആരോപണം ഉണ്ടായിരുന്നെന്നും അത് ശരിയല്ലെന്നും സൂപ്പർതാരം പറഞ്ഞു. താൻ വിജയ്‌യുടെ എതിരാളി അല്ലെന്നും അഭ്യുദയകാംക്ഷി ആണെന്നും രജനികാന്ത് വിശദമാക്കി. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽസാലം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാക്കയുടെയും പരുന്തിന്റെയും കഥ വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെട്ടു, സമൂഹമാദ്ധ്യമങ്ങളിലൂടെ വിജയ്‌ക്കെതിരെയാണ് ഞാൻ അത് പറഞ്ഞതെന്ന് പലരും പ്രചരിപ്പിച്ചു. ഇത് വളരെ നിരാശാജനകമാണ്. എന്റെ കൺമുന്നിലാണ് വിജയ് വളർന്നത്. ധർമ്മത്തിൻ തലൈവൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ വിജയ്‌യ്ക്ക് 13 വയസായിരുന്നു. മുകളിലത്തെ നിലയിൽ നിന്ന് വിജയ് എന്നെ നോക്കുമായിരുന്നു. ഷൂട്ടിംഗിന് ശേഷം എസ്.എ. ചന്ദ്രശേഖർ വിജയ്‌യെ പരിചയപ്പെടുത്തി. അവന് അഭിനയിക്കാൻ താത്പര്യമുണ്ടെന്നും ആദ്യം പഠനത്തിൽ ശ്രദ്ധിക്കാൻ പറയണമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ആദ്യം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഞാൻ അവനെ ഉപദേശിച്ചിട്ടുണ്ടെന്നും രജനികാന്ത് പറഞ്ഞു.
പിന്നീട് വിജയ് നടനായി. അച്ചടക്കനും കഴിവും കഠിനാദ്ധ്വാനവുമാണ് വിജയ്‌യെ ഉന്നതിയിൽ എത്തിച്ചത്. ഇനി രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഞങ്ങൾക്കിടയിൽ മത്സരമുണ്ടെന്ന് കേൾക്കുമ്പോൾ മനസ് വളരെയേറെ വേദനിക്കുന്നുണ്ട്. അദ്ദേഹം മത്സരിക്കുന്നത് അദ്ദേഹത്തോട് തന്നെയാണെന്ന് വിജയ് പറഞ്ഞിട്ടുണ്ട്. ഞാനും അത് തന്നെയാണ് പറഞ്ഞിട്ടുള്ളത്. ഞങ്ങൾ പരസ്പരം എതിരാളികളാണ് എന്ന് പറയുന്നത് തന്നെ മര്യാദകേടാണ്. ദയവ് ചെയ്ത് ഫാൻസ് ഇക്കാര്യത്തിൽ അടിപിടി കൂടരുതെന്ന് രജനികാന്ത് അഭ്യർത്ഥിച്ചു.
ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയാൻ എന്ന ചിത്രത്തിലാണ് സൂപ്പർതാരം ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രം ഈ വർഷം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തലൈവർ 171 ആണ് രജനികാന്തിന്റെ മറ്റൊരു ചിത്രം. അതേസമയം വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിക്കുന്നത്.