pinarayi-vijayan

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ പക്വതയും വിവേകവും കാണിക്കണമെന്നും മുഖ്യമന്ത്രി മാദ്ധ്യമളോട് പറഞ്ഞു. ഗവർണർ പ്രത്യേക രീതിയിലാണ് കാര്യങ്ങൾ കെെകാര്യം ചെയ്യുന്നത്. അധികാര സ്ഥാനത്തിരിക്കുന്നവർക്ക് നേരെ വ്യത്യസ്ത പ്രതിഷേധങ്ങളുണ്ടാകും. പൊലീസിന്റെ ജോലിയാണ് പൊലീസ് ചെയ്യുന്നത്. പ്രതിഷേധം നടന്ന സ്ഥലത്ത് ഗവർണർ ഇറങ്ങേണ്ട കാര്യമില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

'എഫ്ഐആറിന് വേണ്ടി സമരം ഇരിക്കുന്നത് കണ്ടിട്ടുണ്ടോ?. സിആർപിഎഫിന് കേസെടുക്കാൻ കഴിയുമോ? ഗവർണറുടെ അധികാരം നിയമത്തിന് മുകളിലല്ല. ഗവർണർ കേരളത്തെയാണ് വെല്ലുവിളിക്കുന്നത്. സ്വയം വിവേകം ആർജിക്കാനാകില്ല. അനുഭവത്തിൽ നിന്ന് ആർജിക്കണം. ഗവർണർക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോയെന്ന് നോക്കണം.'- മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി പൊലീസിനെ നിയന്ത്രിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. '22 പ്രതിഷേധക്കാരെ തടയാൻ100ലധികം പൊലീസുകാരുണ്ടായിരുന്നു. എന്നാൽ അവരെ തടയാൻ പൊലീസിന് കഴിഞ്ഞില്ല. ജോലി ചെയ്യുന്നതിൽ പൊലീസുകാർക്ക് സമ്മർദ്ദമുണ്ട്. മുഖ്യമന്ത്രി ഇതേ റോഡിലൂടെ പോയാൽ ഇങ്ങനെയാണോ പൊലീസ് സുരക്ഷ ഒരുക്കുന്നത്. ഞാൻ കേന്ദ്രത്തോട് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. എനിക്ക് 72 വയസുണ്ട്. ആരെയും എനിക്ക് പേടിയില്ല. - ഗവർണർ പറഞ്ഞു.