
ലണ്ടൻ: ഏദൻ ഉൾക്കടലിൽ വച്ച് ഹൂതി മിസൈലാക്രമണം നേരിട്ട ബ്രിട്ടീഷ് എണ്ണ ടാങ്കറിന്റെ രക്ഷയ്‌ക്കെത്തി ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പൽ ഐ.എൻ.എസ് വിശാഖപട്ടണം. ഈജിപ്റ്റിൽ നിന്ന് സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന ' മർലിൻ ലുവാണ്ട ' എന്ന കപ്പലിനാണ് ആക്രമണമുണ്ടായത്. കപ്പലിന് തീപിടിച്ചു. കപ്പലിൽ 22 ഇന്ത്യക്കാരും ഒരു ബംഗ്ലാദേശി പൗരനുമാണ് ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ സമയം, വെള്ളിയാഴ്ച രാത്രി 10.15ന് യെമനിലെ ഏദൻ തുറമുഖത്തിന് 60 നോട്ടിക്കൽ മൈൽ അകലെ തെക്ക് - കിഴക്കൻ മേഖലയിലായിരുന്നു ആക്രമണം. റഷ്യയിൽ നിന്നുകൊണ്ടുവന്ന ജ്വലന ശേഷിയുള്ള ദ്രാവകം നാഫ്തയായിരുന്നു കപ്പലിൽ.
മിസൈൽ പതിച്ചതോടെ കപ്പലിൽ ശക്തമായ തീപിടിത്തമുണ്ടായി. അപായ സന്ദേശം ലഭിച്ചയുടൻ ഐ.എൻ.എസ് വിശാഖപട്ടണം സ്ഥലത്തെത്തി. ഫ്രഞ്ച്, യു.എസ് യുദ്ധക്കപ്പലുകളും സഹായത്തിനെത്തി.
കപ്പലിലെ തീയണച്ചു. കപ്പൽ യാത്ര പുനരാരംഭിച്ചതായി നേവി അറിയിച്ചു.
ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ചെങ്കടലിൽ അന്താരാഷ്ട്ര കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതി വിമതർ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഏറ്റവും തീവ്രതയേറിയതാണ് മർലിൻ ലുവാണ്ടയിലുണ്ടായത്. മൾട്ടിനാഷണൽ ട്രേഡിംഗ് കമ്പനിയായ ട്രാഫിഗറയ്ക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന മർലിൻ ലുവാണ്ടയുടെ നിയന്ത്രണ ചുമതല ബ്രീട്ടീഷ് കമ്പനിയായ ഓഷ്യോനിക്സ് സർവീസസ് ലിമിറ്റഡിനാണ്. മാർഷൽ ഐലൻഡിലാണ് കപ്പൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ യെമനിൽ തങ്ങളുടെ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ യു.എസ്, ബ്രിട്ടീഷ് വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയായിട്ടാണ് മർലിൻ ലുവാണ്ടയെ ആക്രമിച്ചതെന്ന് ഹൂതികൾ പ്രതികരിച്ചു. വിദേശ കപ്പലുകൾക്ക് നേരെ തുടരുന്ന ഹൂതികളുടെ ആക്രമണം അംഗീകരിക്കാനാകില്ലെന്നും സഖ്യകക്ഷികളുമായി ചേർന്ന് തിരിച്ചടിക്കുമെന്നും യു.കെ അറിയിച്ചു. ഇതിനിടെ, ഇന്നലെ ഇന്ത്യൻ സമയം രാവിലെ 6.15ന് ചെങ്കടലിനെ ലക്ഷ്യമാക്കിയ ഒരു ഹൂതി മിസൈലിനെ തകർത്തെന്ന് യു.എസ് അറിയിച്ചു.
ഈ മാസം 18ന് ഏദൻ ഉൾക്കടലിൽ വച്ച് ഹൂതി ഡ്രോൺ ആക്രമണം നേരിട്ട എം.വി ജെൻകോ പിക്കാർഡി എന്ന അമേരിക്കൻ ചരക്കു കപ്പലിനെയും ഐ.എൻ.എസ് വിശാഖപട്ടണം രക്ഷിച്ചിരുന്നു.