
43-ാം വയസിൽ ഓസ്ട്രേലിയൻ ഓപ്പൺ ഡബിൾസ് കിരീടത്തിൽ മുത്തമിട്ട് രോഹൻ ബൊപ്പണ്ണ
മെൽബൺ: ലോക റെക്കാഡിനും പത്മശ്രീ നേട്ടത്തിനും പിന്നാലെ 43-ാം വയസിൽ ഓസ്ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം ഡബിൾസ് കിരീടവും സ്വന്തമാക്കി ഇന്ത്യൻ ടെന്നിസ് സെൻസേഷൻ രോഹൻ ബൊപ്പണ്ണ. പുരുഷ ഡബിൾസ് ഫൈനലിൽ രോഹൻ ബൊപ്പണ്ണയും ഓസ്ട്രേലിയൻ കൂട്ടാളി മാത്യു എബ്‌ഡനും ഇറ്റാലിയൻ ജോഡി സൈമൻ ബൊലേലി- ആന്ദ്രേ വാവസോരി സഖ്യത്തെ നേരിട്ടുള്ള സെറ്റുകളിൽ 7-6,7-5ന് വീഴ്ത്തിയാണ് ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്.
ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഫൈനലിൽ. മത്സരം 1 മണിക്കൂർ 39 മിനിട്ട് നീണ്ടു. തുടക്കം മുതൽ ആക്രമിച്ചുകളിച്ച ഇറ്റാലിയൻ സഖ്യമാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ പതിയെ തുടങ്ങി ആധിപത്യം സ്വന്തമാക്കുകയായിരുന്നു ഇന്ത്യൻ സഖ്യം.
ബൂം... ബൂംം..ബൊപ്പണ്ണ
ടെന്നിസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഗ്രാൻസ്ലാം ചാമ്പ്യനായിരിക്കുകയാണ് രോഹൻ ബൊപ്പണ്ണ. ബൊപ്പണ്ണയുടെ കരിയറിലെ രണ്ടാം ഗ്രാൻസ്ലാമും ആദ്യപുരുഷ ഡബിൾസ് ഗ്രാൻസ്ലാം നേട്ടവുമാണിത്.
ബൊപ്പണ്ണയുടെ രണ്ടാം ഗ്രാൻസ്ലാം കിരീട നേട്ടമാണിത്. നേരത്തേ 2017ൽ ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസിൽ കാനഡയുടെ ഗബ്രിയേല ഡബ്രോവ്സ്കിയുമായി ചാമ്പ്യൻപട്ടം നേടിയിരുന്നു.
പുരുഷ ഡബിൾസ് ഗ്രാന്‍സ്ലാം കിരീടം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് ബൊപ്പണ്ണ. ലിയാൻഡര്‍ പെയ്സും മഹേഷ് ഭൂപതിയും ഇതിനു മുമ്പ് ഗ്രാന്‍സ്ലാം കിരീടം കിരീടം നേടിയ ഇന്ത്യക്കാര്‍. സാനിയ മിര്‍സയ്ക്കും ഡബിള്‍സ് കിരീടമുണ്ട്.
ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ എത്തിയപ്പോൾ ടെന്നീസ് റാങ്കിംഗിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടം ബൊപ്പണ്ണ സ്വന്തമാക്കിയിരുന്നു. അടുത്തയാഴ്ച വരുന്ന പുതിയ റാങ്കിംഗിൽ പുരുഷ ഡബിൾസിൽ ബൊപ്പണ്ണ ഒന്നാമനാകും.
സഫലം
സബലെങ്ക
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഗ്രാൻസ്ലാം കരീടം നിലനിറുത്തി ബെലാറസ് സൂപ്പർ താരം ആര്യാന സബലെങ്ക. ഫൈനലിൽ ചൈനയുടെ 12-ാംസീഡ് ഷെംഗ് ക്വിൻവെന്നിനെ നേരിട്ടുള്ള സെറ്റുകളിൽ തകർത്താണ് സബലെങ്ക ഇത്തവണ കിരീടത്തിൽ മുത്തമിട്ടത്. സ്കോർ: 6-3,6-2. ഒരുമണിക്കൂർ 16 മിനിട്ടിൽ സബലെങ്ക ജയിച്ചുകയറി. ആദ്യ സെറ്റ് 33 മിനിട്ടിൽ സബലെങ്ക സ്വന്തമാക്കി. 21കാരിക്വിൻ വെന്നിന്റെ ആദ്യ ഗ്രാൻസ്ലാം ഫൈനലാണിത്.സെമിയിൽ യു.എസ് താരം കോകോ ഗോഫിനെ വീഴ്ത്തിയാണ് സബലെങ്ക ഫൈനലിൽ എത്തിയത്. 2013ൽ മറ്റൊരു ബെലറൂസ് താരം വിക്ടോറിയ അസരങ്കയ്ക്ക് ശേഷം ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നിലനിറുത്ത ആദ്യ താരമാണ് സബലെങ്ക.
സിന്നറൊ,
മെദ്വദേവൊ
പുരുഷ ചാമ്പ്യനെ
ഇന്നറിയാം
ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ചാമ്പ്യനെ ഇന്നറിയാം. ഇന്ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2 മുതലാണ് ഇറ്റാലിയൻ യുവതാരം ജാന്നിക് സിന്നറും റഷ്യക്കാരൻ മെദ്വദേവും തമ്മിലുള്ള കലാശപ്പോരാട്ടം. പതിനൊന്നാം ഓസ്ട്രേലിയൻ ഓപ്പൺ കിരീടം തേടിയെത്തിയ നിലവിലെ ചാമ്പ്യൻ സാക്ഷാൽ നൊവാക്ക് ജോക്കോവിച്ചിനെ സെമിയിൽ വീഴ്ത്തിയാണ് സിന്നർ ഫൈനലിലെത്തിയത്. അലക്സാണ്ടർ സ്വരേവിനെയാണ് മെദ്വദേവ് കീഴടക്കിയത്.