vld-1

വെള്ളറട: മാതാവിനെ മകൻ കാലും കൈയും കെട്ടിയിട്ട് തീകൊളുത്തി കൊന്നു . വെള്ളിയാഴ്ച രാവിലെ 7. 30 ന് വെള്ളറടയ്ക്കു സമീപം എലിവാലൻകോണം വടക്കേക്കരപുത്തൻവീട്ടിൽ പരേതനായ പൊന്നുമണിയുടെ ഭാര്യ നളിനി (62)​യെയാണ് മൂത്തമകൻ മോസസ് വിബിൻ (38)​ കൊലപ്പെടുത്തിയത്. ഇളയ മകൻ ജയിൻ ജേക്കമ്പ് മാതാവിന് കാപ്പിയുമായി എത്തുമ്പോഴായിരുന്നു വീട്ടിനുള്ളിൽ തീയും പുകയും കണ്ടത്. അനുജൻ അകത്തുകയറാൻ ശ്രമിച്ചപ്പോൾ രണ്ടു കൈയിലും വെട്ടുകത്തിയുമായി നിന്ന് മോസസ് വിബിൻ സഹോദരനെയും അയൽവാസികളെയും വീട്ടിനുള്ളിൽ കയറാൻ അനുവദിച്ചില്ല. തുടർന്ന് വെള്ളറട പൊലീസിസെത്തി ആയുധവുമായി നിന്ന പ്രതിയെ കീഴ് പെടുത്തി. അകത്തുകയറി തീഅണച്ചപ്പോഴാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടത്. തുടമുതൽ കാലുവരെയുള്ള ഭാഗം മാത്രമേ അവശേഷിച്ചിരുന്നുള്ളു. ഇരുകാലുകളും തുണികൊണ്ട് കെട്ടിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബാലിക പീഡനക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞുവന്ന ഇയാൾ ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയതിനെ തുടർന്ന് മാതാവിനോടൊപ്പമാണ് താമസിച്ചിരുന്നത്. നിരന്തരം വീട്ടിലും സമാപവാസികൾക്കും ഇയാൾ പ്രശ്നക്കാരനായിരുന്നു. മയക്കുമരുന്നിന് അടിമയാണ് പ്രതി. മാതാവിനെ നിരന്തരം ഉപദ്രവിക്കുക പതിവാണെന്ന് പരിസരവാസികൾ പറയുന്നു. വീട്ടിലെ വാതിലുകൾ ഇളക്കി വിറ്റ് പണം മയക്കുമരുന്നിനുവേണ്ടി വിനിയോഗിക്കുകയായിരുന്നു. പത്തുവർഷം മുമ്പ് നളിനിയുടെ ഭർത്താവ് മരണപ്പെട്ടിരുന്നു.