
വർക്കല: എട്ട് വയസ്സുളള പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ പ്രതിക്ക് 7 വർഷം തടവ്. ഇലകമൺ തേവാനത്തുവീട്ടിൽ ലാലി (39) നെ പ്രതിയാക്കി 2017 ൽ അയിരൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വർക്കല പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്. 8 വയസ്സുള്ള പെൺകുട്ടിയെ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം നോക്കി ലാൽ ഉപദ്രവിക്കുകയായിരുന്നു. കുട്ടി ബഹളം ഉണ്ടാക്കാതിരിക്കാൻ വായ് പൊത്തി. എതിർക്കാൻ ശ്രമിച്ച ഇളയ സഹോദരനായ കുട്ടിയെയും ഇയാൾ മർദ്ദിച്ചു . കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അയിരൂർ പൊലീസ് കേസെടുക്കുകയായിരുന്നു. ലാലിന് വിവിധ വകുപ്പുകളിലായി 18 വർഷം തടവും 30,000 രൂപ പിഴയുമാണ് വിധിച്ചത്. ശിക്ഷാകാലാവധി ഒരുമിച്ചനുഭവിച്ചാൽ മതി എന്നുളളതുകൊണ്ട് ആകെ 7 വർഷം തടവ് ശിക്ഷ അനുഭവിച്ചാൽ മതിയാകും. പിഴത്തുകയിൽ നിന്ന് 20,000 രൂപ പെൺകുട്ടിക്ക് നൽകാനും കോടതി പറഞ്ഞു.