pic

ഹൈദരാബാദ്: സുരക്ഷാവീഴ്ചയെത്തുടർന്ന് പ്രതിഷേധവുമായി ഉസ്മാനിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ. പോസ്റ്റ് ഗ്രാജ്വേറ്റ് ഗേൾസ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനികളുൾപ്പെടെയാണ് പ്രതിഷേധിച്ചത്. വൈസ് ചാൻസലർ നേരിട്ടെത്തണമെന്നും പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഹോസ്റ്റലിനുള്ളിൽ മൂന്നുപേർ അതിക്രമിച്ചു കയറിയതായും ഒരാളെ തങ്ങൾ പിടികൂടിയിരുന്നതായും വിദ്യാർത്ഥികൾ പറഞ്ഞു. മുദ്രാവാക്യങ്ങളുമായി പ്രതിഷേധിക്കുന്ന വിദ്യാർഥികളെ അനുനയിപ്പിക്കാൻ പോലീസ് ശ്രമിച്ചിരുന്നതായും എന്നാൽ പിരിഞ്ഞുപോകാൻ അവർ തയ്യാറായിരുന്നില്ലെന്നുംഹിന്ദുസ്ഥാൻ ടൈംസ്റിപ്പോർട്ട് ചെയ്തു.

മകരസംക്രാന്തി അവധിയ്ക്കുശേഷം വിദ്യാർഥിനികൾ മടങ്ങിയെത്തിയപ്പോൾമുതൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ കൂടുതൽ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. അവധി കഴിഞ്ഞ് മടങ്ങി വന്നതിനുശേഷം പല മുറികളിൽനിന്നും വിചിത്രശബ്ദങ്ങൾ കേൾക്കുന്നതായും എന്നാൽ അത് തങ്ങളുടെ തോന്നലാണെന്ന് കരുതിയതായും ഒരു വിദ്യാർഥിനിഎഎൻഐയോട് പ്രതികരിച്ചു. താഴത്തെ നിലയിലേയും ഒന്നാമത്തെ നിലയിലേയും കുളിമുറികളുടെ വെന്റിലേറ്ററുകളിലൂടെ കൈകൾ ഉള്ളിലേക്ക് വരുന്നതുകണ്ടതായി ഒരു വിദ്യാർഥിനി പരാതിപ്പെട്ടതോടെയാണ് വിദ്യാർഥിനികൾ കൂടുതൽ ആശങ്കയിലായത്.

ഇന്നലെ ഒരേ സമയം രണ്ട് നിലകളിലെ വാഷ്റൂമുകളിലാണ് സംഭവമുണ്ടായത്. ഞങ്ങളുടെ കുളിമുറികളിൽ വെന്റിലേറ്ററുകളുണ്ട്. കുളിമുറികൾ തീരെ വലിപ്പം കുറഞ്ഞവയാണ്. ഞങ്ങളുടെ കൂടെയുള്ള പെൺകുട്ടി കുളിമുറിക്കുള്ളിൽ കടന്ന് വാതിലടച്ചിരുന്നു. വെന്റിലേറ്ററിലൂടെ കൈ വരുന്നതുകണ്ടതോടെ അവൾ ഭയന്ന് പുറത്തേക്കോടി', പ്രതിഷേധകരിൽ ഒരാൾ പറഞ്ഞു. തങ്ങൾ സീനിയർ വിദ്യാർഥിനികളുടെ സഹായം തേടിയതായും അപരിചിതരായ മൂന്ന് പേരെ കണ്ടതായും അവരിൽ ഒരാളെ പിടികൂടിയതായും വിദ്യാർഥിനി കൂട്ടിച്ചേർത്തു. ബാക്കിയുള്ള രണ്ടുപേരെ കൂടി പോലീസ് എത്രയും പെട്ടെന്ന് പിടികൂടണമെന്നും വിദ്യാർഥിനി ആവശ്യപ്പെട്ടു.

അപരിചിതനായ ഒരാൾ കോളേജ് മതിൽ കടന്ന് പെൺകുട്ടികളുടെ ഹോസ്റ്റലിൽ പ്രവേശിച്ചതായുള്ള സന്ദേശം ലഭിച്ചതിനെ തുടർന്ന് ഉടനെ സ്ഥലത്തെത്തിയതായും വിദ്യാർഥിനികളും സുരക്ഷാജീവനക്കാരും ചേർന്നി പിടിച്ചുവെച്ചിരുന്ന പ്രതിയെ കസ്റ്റഡിയിലെടുത്തതായും ഡെപ്യൂട്ടി കമ്മിഷണർ പ്രിയർശിനി അറിയിച്ചു. ഹോസ്റ്റലിൽ പരിശോധന നടന്നിയതായും സുരക്ഷാപ്രശ്നങ്ങൾ സർവകലാശാല രജിസ്ട്രാറിനെ അറിയിച്ചതായും ഡെപ്യൂട്ടി കമ്മിഷണർ കൂട്ടിച്ചേർത്തു.