
ടെൽ അവീവ്: പാലസ്തീനിയൻ അഭയാർത്ഥികൾക്ക് വേണ്ടിയുള്ള യു.എൻ ഏജൻസിക്കെതിരെ ( യു.എൻ.ആർ.ഡബ്ല്യു.എ - യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി) നിലപാട് കടുപ്പിച്ച് പാശ്ചാത്യ രാജ്യങ്ങൾ. ഏജൻസിയിലെ ജീവനക്കാർക്ക് ഒക്ടോബർ 7ന് രാജ്യത്ത് 1,300 പേരുടെ ജീവനെടുത്ത ഹമാസ് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന ഇസ്രയേലിന്റെ ആരോപണത്തെ തുടർന്നാണിത്.
ആരോപണത്തിന് പിന്നാലെ ഏജൻസിയിലെ നിരവധി ജീവനക്കാരെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. യു.എസ്, കാനഡ, ഓസ്ട്രേലിയ, യു.കെ, ഇറ്റലി എന്നീ രാജ്യങ്ങൾ ഏജൻസിക്ക് നൽകിവന്ന ധനസഹായം താത്കാലികമായി നിറുത്തിവച്ചു. ആരോപണത്തിൽ അന്വേഷണം നടത്തുമെന്നും ഏതെങ്കിലും ജീവനക്കാർക്കെതിരെ കുറ്റംതെളിഞ്ഞാൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും ഏജൻസി തലവൻ ഫിലിപ്പ് ലാസറിനി അറിയിച്ചു.
യുദ്ധം അവസാനിച്ചാൽ ഏജൻസിയുടെ ഗാസയിലെ പ്രവർത്തനം നിറുത്തുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. അതേ സമയം, സഹായം നിറുത്താനുള്ള തീരുമാനം ഗാസയിലെ മാനുഷിക ദുരന്തത്തിന്റെ ആക്കം കൂട്ടുമെന്ന് പാലസ്തീനിയൻ ലിബറേഷൻ ഓർഗനൈസേഷന്റെ സെക്രട്ടറി ജനറൽ ഹുസൈൻ അൽ - ഷെയ്ഖ് പ്രതികരിച്ചു.
1949ൽ സ്ഥാപിതമായ ഏജൻസി, ഗാസ, വെസ്റ്റ് ബാങ്ക്, ജോർദ്ദാൻ, ലെബനൻ, സിറിയ എന്നിവിടങ്ങളിലെ പാലസ്തീനികൾക്കായി ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും മറ്റ് മാനുഷിക സഹായങ്ങളും നൽകിവരുന്നു. ഗാസയിൽ യുദ്ധക്കെടുതികൾ നേരിടുന്ന സാധാരണക്കാരിലേക്ക് സഹായങ്ങൾ പ്രധാനമായും എത്തിക്കുന്നതും ഈ ഏജൻസി വഴിയാണ്.
ആക്രമണം കടുപ്പിച്ച് ഇസ്രയേൽ
ഗാസയിൽ വംശഹത്യ തടയാനുള്ള നടപടികൾ ഇസ്രയേൽ സ്വീകരിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിക്ക് പിന്നാലെ ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. ഖാൻ യൂനിസിലടക്കം ഇന്നലെ ശക്തമായ ആക്രമണമുണ്ടായി. 24 മണിക്കൂറിനിടെ 183 പേർ മരിച്ചതോടെ ഗാസയിലെ ആകെ മരണസംഖ്യ 26,257 ആയി ഉയർന്നു.
ഗാസയിലേക്ക് ഇസ്രയേൽ അടിയന്തര സഹായമെത്തിക്കണമെന്നും ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. വിധി അന്യായമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.