
ഹൈദരാബാദ്: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഒലി പോപിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ട് പൊരുതുന്നു. മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സിൽ 316/6 എന്ന നിലയിലാണ്. ഇംഗ്ലണ്ടിനിപ്പോൾ 126 റൺസിന്റെ ലീഡുണ്ട്. സ്കോർ: ഇംഗ്ലണ്ട് 246/10, 316/6. ഇന്ത്യ 436/10. സെഞ്ച്വറി തികച്ച് ഒലി പോപ്പും (148), 16 റൺസുമായി റെഹാൻ അഹമ്മദുമാണ് ക്രീസിൽ.
190 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണർ സാക് ക്രോളിയുടെ (31) വിക്കറ്റാണ് ആദ്യം നഷ്ടമായത്. ടീം സ്കോർൽ വച്ച് ക്രോളിയെ അശ്വിൻ രോഹിതിന്റെ കൈയിൽ എത്തിച്ചു. മൂന്നാമനായെത്തിയ പോപ്പും മറ്റൊരു ഓപ്പണർ ബെൻ ഡെക്കറ്റും (47) ചേർന്ന് ഇംഗ്ലണ്ടിനെ നൂറ് കടത്തി. ഡെക്കറ്റിനെ ക്ലീൻ ബൗൾഡാക്കി ബുംറയാണ് കൂട്ടുകെട്ട് തകകർത്തത്. സൂപ്പർ ബാറ്റർ ജോ റൂട്ടിനെ (2) തന്റെ അടുത്ത ഓവറിൽ വിക്കറ്റിന് മുന്നിൽ കുടുക്കി ബുംറ ഇംഗ്ലണ്ടിന് ഇരട്ട പ്രഹരം നൽകി. ജോണി ബെയർസ്റ്റോയും (10), ബെൻ സ്റ്റോക്സും (6) വലിയ ചെറുത്ത് നിൽപ്പില്ലാതെ യഥാക്രമം ജഡേജയ്ക്കും അശ്വിനും വിക്കറ്റ് നൽകി മടങ്ങിയതോടെ 163/5 എന്ന നിലയിൽ പ്രതിസന്ധിയിൽ ആയി ഇംഗ്ലണ്ട്. തുടർന്ന് ക്രീസിലെത്തിയ ബെൻ ഫോക്സിനെ (34) കൂട്ടുപിടിച്ച് പോപ്പ് ഇംഗ്ലണ്ടിനെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റി. ഇരുവരും ആറാം വിക്കറ്റിൽ 112 റൺസ് കൂട്ടിച്ചേർത്തു. ഫോക്സിനെ പുറത്താക്കി അക്ഷർ പട്ടേലാണ് കൂട്ടുകെട്ട് പൊളിച്ചത്. 81 പന്ത് നേരിട്ട ഫോക്സ് 2 ഫോറും നേടി. 208 പന്ത് നേരിട്ട് 17 ഫോറുൾപ്പെടെയാണ് 148 റൺസുമായി പോപ്പ് ബാറ്റിംഗ് തുടരുന്നത്.
രാവിലെ 421/7 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ 15 റൺസുകൂടി കൂട്ടിച്ചേർക്കുന്നതിനിടെ ഓൾഔട്ടായി. ഇന്ത്യയുടെ ടോപ് സ്കോററായ രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 180 പന്ത് നേരിട്ട് 7 ഫോറും 2 സിക്സും ഉൾപ്പെടെ 87 റൺസെടുത്ത ജഡേജയെ ജോ റൂട്ട് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. തൊട്ടടുത്ത പന്തിൽ ബുംറെയ (0) ഗോൾഡൻ ഡക്കാക്കി റൂട്ട് ഇന്ത്യയെ പ്രതിസന്ധിയിലാക്കി. അക്ഷർ പട്ടേലിനെ (44) ക്ലീൻ ബൗൾഡാക്കി റെഹാനാണ് ഇന്ത്യൻ ഇന്നിംഗ്സിന് തിരശീലയിട്ടത്. സിറാജ് (0) പുറത്താകാതെ നിന്നു.ഇഗ്ലണ്ടിനായി ജോ റൂട്ട് നാല് വിക്കറ്റ് വീഴ്ത്തി. റെഹാൻ, ഹാർട്ട്‌ലി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.