
മോസ്കോ : യുദ്ധത്തടവുകാരായി പിടികൂടിയ 65 യുക്രെയിൻ സായുധ സേനാംഗങ്ങളുമായി സഞ്ചരിച്ച റഷ്യയുടെ ഇല്യൂഷിൻ ഐ.എൽ - 76 വിമാനത്തെ യുക്രെയിൻ വെടിവച്ചിട്ടത് തന്നെയെന്ന് വ്യക്തമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ഈ മാസം 24ന് യുക്രെയിൻ അതിർത്തിയോട് ചേർന്ന റഷ്യയിലെ ബെൽഗൊറോഡ് മേഖലയിലാണ് വിമാനം തകർന്നുവീണത്.
വിമാനജീവനക്കാരടക്കം ആകെ 74 പേർ കൊല്ലപ്പെട്ടു. യുക്രെയിനിലെ ഖാർക്കീവ് മേഖലയിലുള്ള അമേരിക്കൻ നിർമ്മിത പേട്രിയറ്റ് മിസൈൽ സംവിധാനത്തിൽ നിന്നോ ജർമ്മൻ നിർമ്മിത ഐറിസിൽ നിന്നോ വിക്ഷേപിച്ച മൂന്ന് മിസൈലുകൾ വിമാനത്തിൽ പതിച്ചതെന്നാണ് റഷ്യ പറയുന്നത്.
വിമാനം വെടിവച്ചത് യുക്രെയിൻ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. തടവുകാർ ശരിക്കും വിമാനത്തിൽ ഉണ്ടായിരുന്നോ എന്നും യുക്രെയിൻ സംശയം ഉന്നയിക്കുന്നു. കരാർ പ്രകാരം യുദ്ധത്തടവുകാരെ പരസ്പരം കൈമാറുന്നതിന്റെ ഭാഗമായി മോസ്കോയ്ക്ക് സമീപമുള്ള ച്കോലോവ്സ്കി എയർ ബേസിൽ നിന്ന് ബെൽഗൊറോഡിലേക്ക് വരികയായിരുന്നു വിമാനം.
തടവുകാരെ കൈമാറാനുള്ള പദ്ധതിയെക്കുറിച്ച് യുക്രെയിന് അറിയാമായിരുന്നെന്നും പുട്ടിൻ ചൂണ്ടിക്കാട്ടി. സംഭവത്തിൽ യുക്രെയിനും റഷ്യയും പ്രത്യേക ക്രിമിനൽ അന്വേഷണം ആരംഭിച്ചു.അപകട സ്ഥലത്ത് നിന്ന് വിമാനത്തിന്റെ ബ്ലാക്ക് ബോക്സും മറ്റും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.