
വാഷിംഗ്ടൺ: നൈട്രജൻ വാതകം ഉപയോഗിച്ചുള്ള ലോകത്തെ ആദ്യ വധശിക്ഷ യു.എസിലെ അലബാമ സംസ്ഥാനത്ത് നടപ്പാക്കിയതിന് പിന്നാലെ ആഗോളതലത്തിൽ വ്യാപക പ്രതിഷേധം. നടപടിയെ യു.എൻ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ സംഘടനകൾ അപലപിച്ചു. കെന്നത്ത് യൂജിൻ സ്മിത്ത് (58) എന്ന വാടകക്കൊലയാളിയുടെ വധശിക്ഷയാണ് നൈട്രജൻ നൽകി നടപ്പാക്കിയത്. ഹോൾമാൻ ജയിലിൽ ഇന്ത്യൻ സമയം, വെള്ളിയാഴ്ച രാവിലെ 7.23ന് ആരംഭിച്ച വധശിക്ഷ നടപടികൾ 8.05ന് അവസാനിച്ചു. കൈകാലുകൾ ബന്ധിച്ച് കിടത്തിയ കെന്നത്തിന്റെ മുഖത്ത് പ്രത്യേക നൈട്രജൻ മാസ്ക് ഘടിപ്പിക്കുകയായിരുന്നു. നൈട്രജൻ ശ്വസിച്ചതിലൂടെ ശരീരത്തിലെ ഓക്സിജൻ നഷ്ടമായി മരണത്തിന് കീഴടങ്ങി. 25 മിനിറ്റോളം കെന്നത്ത് ഒരു മത്സ്യത്തെ പോലെ അതിഭീകരമായി പിടഞ്ഞെന്നും ജയിൽ അധികൃതരിൽ പലരും ഈ ഭീകര കാഴ്ച കണ്ട് ശ്വാസമടക്കി നിന്നെന്നുമാണ് റിപ്പോർട്ട്. നിലവിൽ, യു.എസിൽ അലബാമയ്ക്ക് പുറമേ മിസിസിപ്പി, ഒക്‌ലഹോമ എന്നീ സംസ്ഥാനങ്ങളിലും നൈട്രജൻ വധശിക്ഷയ്ക്ക് അംഗീകാരമുണ്ട്. അലബാമയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റുള്ളവരെയും ഇതേ രീതിയിൽ വധിച്ചേക്കും.