sivankutty-

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിൽ പുതിയ സ്കൂൾ കെട്ടിടങ്ങൾ പണിയുന്നതിന് 146കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 128 സ്കൂളുകൾക്കാണ് ഇത്രയും തുകയുടെ ഭരണാനുമതി ലഭിച്ചത്. എൽ പി, യു പി, ഹെെസ്‌കൂൾ വിഭാഗത്തിൽ കെട്ടിടങ്ങൾ പണിയുന്നതിനായി 90 കോടിയാണ് നീക്കിവച്ചിരിക്കുന്നത്. 95സ്കൂളുകൾക്കാണ് ഇതിന്റെ പ്രയോജനം.

ഹയർ സെക്കൻഡറി മേഖലയ്ക്ക് കെട്ടിടങ്ങൾ പണിയുന്നതിനായി 56കോടി രൂപ ലഭിക്കും. 33 സ്കൂളുകൾക്കാണ് ഈ തുക ലഭിക്കുക. കെട്ടിടങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

അതേസമയം, സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് പഠിക്കാൻ സിക്കിമിൽ നിന്നുള്ള സംഘം തിരുവനന്തപുരത്ത് എത്തി. അദ്ധ്യാപകരും അനദ്ധ്യാപകരും അടങ്ങുന്ന സംഘമാണ് തിരുവനന്തപുരത്ത് എത്തിയത്. സർക്കാർ സ്കൂളുകളിലെ 12സംസ്ഥാന അവാർഡ് ജേതാക്കളും 27 പ്രശംസാ അവാർഡ് നേടിയ അദ്ധ്യാപകരുമാണ് കേരള മോഡലിനെ കുറിച്ച് പഠിക്കാൻ എത്തിയതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിയിച്ചു.