
കാസർഗോഡ്: വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് കേരളം തിരിച്ചടി കൊടുത്തു തുടങ്ങിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭൂരിപക്ഷവിഭാഗങ്ങളെ ചവിട്ടിമെതിക്കുന്ന നിലപാട് ഇനി കേരളം അംഗീകരിക്കില്ലെന്ന ശക്തമായ താക്കീതാണ് പ്രാണപ്രതിഷ്ഠാദിനത്തിൽ കണ്ടെതെന്നും കേരളപദയാത്രയോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഇടത്-വലത് മുന്നണികളോട് കേരളത്തിലെ ജനങ്ങൾക്ക് യോജിപ്പില്ല. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് രണ്ട് മുന്നണിയുമെടുത്ത നിലപാട് കേരളം തള്ളിക്കളഞ്ഞു. മലയാളികൾ ശ്രീരാമനൊപ്പം നിന്നു. പൊതുസമൂഹം പ്രണപ്രതിഷ്ഠാദിനം ക്ഷേത്രങ്ങളിലും വീടുകളിലും ആചാരാനുഷ്ഠാനങ്ങളോടെ ആചരിച്ചു. എൻഎസ്എസും എസ്എൻഡിപിയും ധീവരസഭയും ജനുവരി 22ന് രാമജ്യോതി തെളിയിച്ചത് എൽഡിഎഫിനും യുഡിഎഫിനും തിരിച്ചടിയായി. മതന്യൂനപക്ഷങ്ങൾ പോലും പ്രാണപ്രതിഷ്ഠയെ സ്വാഗതം ചെയ്തു. സാംസ്കരിക ലോകവും സിനിമാ മേഖലയും പ്രാണപ്രതിഷ്ഠയെ പിന്തുണച്ചു. കേരളം ഒരു രാഷ്ട്രീയമാറ്റത്തിന് തയ്യാറെടുക്കുകയാണ്. അതിനുള്ള മുന്നൊരുക്കമാണ് കേരളയാത്രയെന്നും സുരേന്ദ്രൻ പറഞ്ഞു.
മോദി ഗ്യാരണ്ടി കേരളവും ഏറ്റെടുക്കുകയാണ്. ഐഎൻഡി മുന്നണി രാജ്യത്ത് തകർന്നടിയുകയാണ്. ബിഹാറിലും ബംഗാളിലും പഞ്ചാബിലും ഡൽഹിയിലും മുന്നണി തകർന്നു. കോൺഗ്രസിന് മുപ്പത് സീറ്റ് പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ലോക്സഭ തിരഞ്ഞെടുപ്പിൽ മോദി തന്നെ മൂന്നാം തവണയും വരുമെന്ന് ഉറപ്പായ സാഹചര്യത്തിൽ കേരളവും മോദി ഭരണത്തിൽ പങ്കാളിയാവണമെന്നാണ് എൻ.ഡി.എ ആഗ്രഹിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. മോദി ഗ്യാരണ്ടികളൊക്കെ നടപ്പിലാക്കുന്ന ഭരണാധികാരിയാണ്. അദ്ദേഹം രാജ്യത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റി. കേരളത്തിൽ ഉൾപ്പെടെ അടിസ്ഥാന വികസന മേഖലയിൽ വലിയ മാറ്റമാണ് ഈ സർക്കാർ രാജ്യത്ത് സൃഷ്ടിച്ചതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.