d

കോട്ടയം :വേനൽ കാഠിന്യം മുറുകുമ്പോൾ ശീതള പാനീയങ്ങൾ വിൽക്കുന്ന വഴിയോരക്കടകൾ കൂണുപോലെ പൊന്തുകയാണ്. എന്നാൽ ഇത്തരം കടകളിൽ നിന്ന് വെള്ളമടക്കം വാങ്ങി കഴിക്കുന്നവർ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. നാരങ്ങവെള്ളവും, കുലുക്കി സർബത്തും തണ്ണിമത്തൻ ജ്യൂസുും, ഇളനീരുമൊക്കെയായി നിരവധി കടകളാണ് റോഡരികുകളിൽ സ്ഥാനമുറപ്പിച്ചത്.

മിക്ക കടകളിലും എപ്പോഴും തിരക്കാണ്. എന്നാൽ ഇവിടെ ഉപയോഗിക്കുന്ന ഐസ്, വെള്ളം എന്നിവയുടെ ഗുണനിലവാരം പരിശോധിക്കാൻ അധികൃതർ തയ്യാറാകുന്നില്ല.ഇത്തരം വെള്ളം സ്ഥിരമായി ഉപയോഗിക്കുന്നവരിൽ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയേറെയാണ്. അംഗീകൃത കുപ്പിവെള്ള, സോഡാ നിർമ്മാണശാലകളിൽ മാത്രമാണ് പരിശോധനയുള്ളത്. ജലസ്രോതസുകളിലുൾപ്പെടെ പരിശോധന പ്രഹസനമാണ്. അടപ്പ് സീൽ ചെയ്യാത്ത കുപ്പിവെള്ളം വരെ വിപണിയിലുണ്ട്.നാരങ്ങാവെള്ളത്തിന് അടക്കം ഓരോ കടകളിലും തോന്നുംപടി വിലയാണ് ഈടാക്കുന്നത്. സോഡാ നാരങ്ങാവെള്ളം 18 മുതൽ 25 രൂപയ്ക്ക് വരെ വിൽക്കുന്ന സ്ഥലങ്ങളുണ്ട്. ഫ്രഷ് ലൈം ജ്യൂസിന് 20 രൂപ. ഒരു കിലോ നാരങ്ങായ്ക്ക് നിലവിൽ 80 രൂപയാണ് വില.

ചീഞ്ഞതും പഴകിയതുമായ പഴവർഗ്ഗങ്ങൾ ഉപയോഗിച്ച് സർബത്ത് ഉണ്ടാക്കുക, മിൽക്ക് ഷേക്കുകളിൽ ഗുണനിലവാരം കുറഞ്ഞതും പഴകിയതുമായ പാൽ ഉപയോഗിക്കുക, സർബത്തുകളിൽ തിളപ്പിക്കാത്ത പാൽ ചേർക്കുക, മാരക രാസവസ്തുക്കൾ അടങ്ങിയ കളർ ദ്രാവകങ്ങൾ ചേർക്കുക, വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുക, അശുദ്ധ ജലം ഉപയോഗിക്കുക എന്നിങ്ങനെ ആരോഗ്യത്തിന് അപകടകരമാകുന്ന തരത്തിലാണ് പലരും ശീതളപാനീയങ്ങൾ തയ്യാറാക്കുന്നത്.

കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ പടരാൻ സാദ്ധ്യതയുള്ളതിനാൽ ശുദ്ധജലം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നും . വ്യാജന്മാർക്കെതിരെ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.