
ഫാഷൻ റാമ്പിൽ വിജയകിരീടം ചൂടി തീരത്തിന്റെ പൊൻതിളക്കമായി മാറിയിരിക്കുകയാണ് പുല്ലുവിള സ്വദേശി ത്രേസ്യാ ലൂയിസ്. പുല്ലുവിള പനമൂട് കിണറ്റടിവിളാകം വീട്ടിൽ ലൂയിസ് കുലാസ്- സ്റ്റെല്ലാ ഫെർണാണ്ടസ് ദമ്പതികളുടെ രണ്ടാമത്തെ മകളാണ് 25കാരിയായ ത്രേസ്യ ലൂയിസ്.
ജനുവരി 20ന് ചെന്നൈ ഹിൽട്ടൺ ഗിണ്ടി ഹോട്ടലിൽ നടന്ന ഗോൾഡൻ ഫേസ് ഒഫ് സൗത്ത് ഇന്ത്യ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായി കിരീടം ചൂടിയിരിക്കുകയാണ് ത്രേസ്യ. കടുത്ത പ്രതിസന്ധികളെ തരണം ചെയ്താണ് ഈ മിടുക്കി മുന്നേറുന്നത്. അച്ഛൻ വിന്നേഴ്സ് റോയൽ വർഷ ക്രെഡിറ്റ് സൊസൈറ്റിയിലെ ജീവനക്കാരനും അമ്മ കരുംകുളം ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗവുമാണ്. ബയോടെക്നോളജിയിൽ ബി.ടെക് ബിരുദധാരിയായ ത്രേസ്യ ലൂയിസ് ഇപ്പോൾ ചെന്നൈ ആസ്ഥാനമായ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഡോ.ലിയാ ലൂയിസ്, ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ഹെലൻസി ലൂയിസ് എന്നിവർ സഹോദരിമാരാണ്.
ലക്ഷ്യബോധവും കഠിനാധ്വാനത്തിനുള്ള മനസുമുണ്ടെങ്കിൽ ഏത് ജീവിതസാഹചര്യങ്ങളിലും സ്വപ്നം സാക്ഷാത്‌കരിക്കാം എന്ന് തെളിയിക്കുകയാണ് ത്രേസ്യാ ലൂയിസ്. വെല്ലുവിളികളെ അതിജീവിച്ച് എത്തിയ ത്രേസ്യ പുതിയകാലത്തെ എല്ലാ പെൺകുട്ടികൾക്കും പ്രചോദനമാണ്.