vandiperiyar-case

ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ കുടുംബത്തിന്റെ ബാങ്ക് വായ്‌പ സിപിഎം ഏറ്റെടുത്തു. ഇടുക്കി ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. കുട്ടിയുടെ കുടുംബം സ്ഥലവും വീടും പണയപ്പെടുത്തി എടുത്തിരുന്ന വായ്‌പയുടെ കുടിശ്ശികയായ ഏഴുലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് ബാങ്ക് നോട്ടീസ് ലഭിച്ചിരുന്നു. ഇതിനെത്തുടർന്നാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ ഇടപെടൽ.

കുട്ടിയുടെ കുടുംബത്തിന്റെ ആകെയുള്ള 14 സെന്റ് സ്ഥലം പണയപ്പെടുത്തി 2019ലാണ് ബാങ്ക് വായ്‌പയെടുത്തത്. പീരുമേട് താലൂക്ക് സഹകരണ കാർഷിക- ഗ്രാമ വികസന ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം രൂപയായിരുന്നു വായ്‌പയെടുത്തത്. കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകളുടെ വിവാഹാവശ്യത്തിനായിരുന്നു ഇതെടുത്തത്. അച്ഛനമ്മമാരില്ലാത്ത ഈ പെൺകുട്ടിയെ ആറുവയസുകാരിയുടെ മാതാപിതാക്കളാണ് സംരക്ഷിച്ചിരുന്നത്. ആറുവയസുകാരിയുടെ മരണത്തെത്തുടർന്ന് തിരിച്ചടവ് മുടങ്ങിയതോടെ കടം 7,39,000 രൂപയായി ഉയർന്നു. ഈ തുകയാണ് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി കുട്ടിയുടെ കുടുംബത്തിന് നൽകുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ജനുവരി 31ന് വീട്ടിലെത്തി തുക കൈമാറും.

കുട്ടിയുടെ മാതാപിതാക്കൾ സ്വന്തം സ്ഥലത്ത് തുടങ്ങിയ വീടുപണിയും മുടങ്ങിയിരുന്നു. വീട് പൂർത്തിയാക്കാൻ നാല് ലക്ഷത്തോളം രൂപ വേണ്ടിവരും. ഇതിന് ആവശ്യമായ സഹായം നൽകാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം വീടിന്റെ അവശേഷിക്കുന്ന പണികൾ പീരുമേട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനരാരംഭിച്ചിട്ടുണ്.