
2024ൽ ഒരു തൊഴിൽ മേഖലയിൽ നിന്നും മറ്റൊന്നിലേക്കു മാറാനാഗ്രഹിക്കുന്ന പ്രൊഫഷണലുകളുടെ എണ്ണം വർദ്ധിച്ചുവരുന്നു. 74 ശതമാനം പേരാണ് പുത്തൻ തൊഴിൽ മേഖലകളിലേക്ക് ചേക്കേറാനാഗ്രഹിക്കുന്നത്.
ആഗോളതലത്തിൽ മൂന്നിലൊന്നോളം തൊഴിലാളികളും തൊഴിൽമേഖല മാറാനാഗ്രഹിക്കുമ്പോൾ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി എ ഐ അധിഷ്ഠിതമായി മാറുന്ന സ്‌കിൽ മേഖലകളാണ്. ടെക്‌നോളജി രംഗത്താണ് തൊഴിലുകൾ ഏറിവരുന്നത്. അതിനാൽ തൊഴിൽ മാറ്റം ആഗ്രഹിക്കുന്നവർ സ്‌കിൽ കൈവരിക്കാൻ ശ്രമിക്കണം.
ഇത് പുതിയ മേഖലകളെക്കുറിച്ചുള്ള അപ്‌സ്‌കില്ലിംഗോ സ്‌കില്ലുകൾ സ്വായത്തമാക്കാനുള്ള റീ സ്‌കില്ലിംഗോ ആകാം. മാറുന്ന തൊഴിൽ മേഖലകൾ, പുത്തൻ പ്രവണതകൾ, സ്‌കിൽ വികസന കോഴ്‌സുകൾ എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭാവിയിൽ തൊഴിലവസരങ്ങളെ ബാധിക്കുമെന്ന് ലോകസാമ്പത്തിക ഫോറം പ്രവചിക്കുന്നുണ്ടെങ്കിലും ഓട്ടോമേഷൻ കൂടുതൽ പ്രാവർത്തികമാകുമ്പോൾ എ.ഐ സ്‌കില്ലുകൾ തൊഴിൽ മേഖലയ്ക്ക് അത്യന്താപേക്ഷിതമാവുകയാണ്. മാറുന്ന സ്‌കിൽ പ്രവണതകൾ 2030 ഓടെ 65 ശതമാനം തൊഴിലുകളെയും ബാധിക്കും.
വളർന്നുക്കൊണ്ടിരിക്കുന്ന തൊഴിൽ മേഖലകൾ
പ്രോഗ്രാം അനലിസ്റ്റ്, കൺസൾട്ടന്റ്, പ്രോജക്ട് മാനേജർ എന്നിവ അതിവേഗം വളർന്നുവരുന്ന തൊഴിലുകളാണ്. എല്ലാ മേഖലകളിലും ഇവരുടെ ആവശ്യമുണ്ട്. സുസ്ഥിര വികസന മേഖലയിൽ വിദഗ്ദ്ധരുടെ ആവശ്യകത വർദ്ധിച്ചുവരും. എൻവയണ്മെന്റൽ കൺസൾട്ടന്റ്, എൻജിനിയർ, സേഫ്റ്റി മാനേജർ എന്നിവയിൽ തൊഴിലവസരങ്ങൾ കൂടും.
ഡാറ്റ അനലിറ്റിക്‌സ്, ഡാറ്റ മാനേജ്‌മെന്റ് പൂർത്തിയാക്കിയവർക്ക് സുസ്ഥിര വികസന മേഖലയിൽ പ്രവർത്തിക്കാം. ഫിസിയോതെറാപ്പിസ്റ്റ്, നഴ്‌സ് എന്നിവർക്ക് ലോകത്താകമാനം അവസരങ്ങളേറും. എ.ഐ എൻജിനിയർ, റിക്രൂട്ടർ, എ.ഐ കൺസൾട്ടന്റ് എന്നിവ മികച്ച തൊഴിൽ മേഖലകളാകും. കമ്മ്യൂണിക്കേഷൻസ് മാനേജർ, സെക്യൂരിറ്റി എൻജിനിയർ, പ്രോഗ്രാം മാനേജർ, പ്ലാനിംഗ്, സേഫ്റ്റി, അദ്ധ്യാപനം, കോച്ചിംഗ്, സൈക്കോളജി, ഭക്ഷ്യസംസ്‌കരണം, ഇ റീട്ടെയ്ൽ, പാക്കേജിംഗ്, ബ്രാൻഡിംഗ്, കോസ്‌മെറ്റോളജി, ക്വാന്റം കമ്പ്യൂട്ടിംഗ്, ബിസിനസ് ഇക്കണോമിക്‌സ്, ഡിസൈൻ, ക്രിയേറ്റിവിറ്റി, ന്യൂമീഡിയ, എനർജി, ജനറ്റിക്‌സ്, മോളിക്യൂലാർ ബയോളജി, ഹോളിസ്റ്റിക് തെറാപ്പി, അഗ്രിബിസിനസ്, ലോജിസ്റ്റിക്‌സ് മാനേജ്മെന്റ്, ഇന്റലിജന്റ് പ്രോസസ് ഓട്ടോമേഷൻ, കമ്പ്യൂട്ടർ എൻജിനിയറിംഗ്, ഇന്റഗ്രേറ്റഡ് നിയമം, അനിമേഷൻ, ഗെയിമിംഗ്, വിർച്വൽ റിയാലിറ്റി, അക്കൗണ്ടിംഗ്, കോമിക്‌സ്, പെറ്റ് കെയർ ആൻഡ് മാനേജ്മെന്റ് സംരംഭകത്വം എന്നിവ കൂടുതൽ വളർച്ച കൈവരിക്കും.