
വിനോദസഞ്ചാരികളുടെ ഇഷ്ടനഗരമായ ആലപ്പുഴയിൽ വിനോദസഞ്ചാര വകുപ്പ് നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ പദ്ധതികൾക്ക് സാഹസിക ടൂറിസം സൊസൈറ്റിയുടെ അംഗീകാരം. ആലപ്പുഴ ബീച്ചിൽ നിർദ്ദിഷ്ട ഫ്ളോട്ടിംഗ് ബ്രിഡ്ജിന് അംഗീകാരം നൽകിയതിന് പുറമേ വാട്ടർ സ്പോർട്സ് ഇനങ്ങളായ സ്പീഡ് ബോട്ട് റൈഡ്, ബനാന ബോട്ട്, ജെറ്റ് സ്കൈ, വാട്ടർ സ്കൂട്ടർ തുടങ്ങിയ സാഹസിക ഇനങ്ങൾക്കും ഇവിടം അനുയോജ്യമാണെന്ന് കണ്ടെത്തി. ഇതോടെ ഈ പദ്ധതികൾക്കായി ടെൻഡർ ക്ഷണിക്കാനാണ് വിനോദ സഞ്ചാര വകുപ്പിന്റെ തീരുമാനം.
ഫ്ളോട്ടിംഗ് ബ്രിഡ്ജിന് രണ്ട് സ്ഥലങ്ങളാണ് സാഹസിക ടൂറിസം സൊസൈറ്റി കണ്ടെത്തിയിട്ടുള്ളത്. വിജയ് പാർക്കിന് നേരെയുള്ള തീരപ്രദേശവും കാറ്റാടി മരങ്ങൾ സ്ഥിതി ചെയ്യുന്ന ഭാഗവുമാണ് ഇവ. കൂടുതൽ അനുയോജ്യമായ സ്ഥലത്താകും ഫ്ളോട്ടിംഗ് ബ്രിഡ്ജ് നിർമ്മിക്കുക. ഇന്ത്യയിൽ ഗോവൻ തീരങ്ങളിലാണ് സാഹസിക വിനോദത്തിന് കൂടുതലായി അവസരമുള്ളത്.
തെന്നിപ്പറക്കാൻ ജെറ്റ് സ്കൈ
1.കടലിൽ ആർത്തുല്ലസിക്കാൻ ജെറ്റ് സ്‌കൈയും വാട്ടർ സ്കൂട്ടർ, ബനാന ബോട്ട് എന്നിവയും സാഹസിക ടൂറിസം പദ്ധതിയുടെ ഭാഗമായി എത്തിക്കും.110 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ജെറ്റ് സ്‌കൈയിൽ ഓടിക്കുന്ന ആൾക്ക് പുറമേ ഒരാൾക്ക് കൂടി സഞ്ചരിക്കാം.
2.വെള്ളത്തിൽ മുങ്ങിയും പൊങ്ങിയും തിമിർക്കാൻ കഴിയുന്ന ഫ്‌ളൈ ബോർഡും പരിഗണനയിലുണ്ട്. ഷൂവിന്റെ മാതൃകയിലുള്ള പരസ്പരം ബന്ധിച്ച ബോർഡിൽ സവാരിക്കാരന്റെ കാൽ ബന്ധിക്കും. പിന്നിൽ ഘടിപ്പിച്ചിട്ടുള്ള ട്യൂബ് വഴി വെള്ളം സമ്മർദ്ദത്തിൽ എത്തുമ്പോൾ ഫ്‌ളൈ ബോർഡ് തീവ്രവേഗതയിൽ സഞ്ചരിക്കും.
3.കടൽ പരപ്പിലൂടെ തെന്നിപ്പറക്കുന്നതാണ് വാട്ടർ സ്കൂട്ടർ. പരിചയ സമ്പന്നരായ റൈഡർമാർക്കൊപ്പം സ്കൂട്ടറിൽ ആലപ്പുഴതീരത്ത് ഇനി സഞ്ചാരികൾക്ക് കടൽപ്പരപ്പിൽ ഉല്ലസിക്കാൻ അവസരമൊരുങ്ങും
താരമാകാൻ ബനാന ബോട്ട്
വാട്ടർ സ്കീയിംഗ്, സർഫിംഗ് എന്നിവയെ അപേക്ഷിച്ച് വളരെ അനായാസം റൈഡ് ചെയ്യാവുന്നതും സുരക്ഷിതവുമാണ് ബനാന ബോട്ട്. സ്ത്രീകൾ കൂടുതൽ ഇഷ്ടപ്പെടുന്നതാണ് ബനാന ബോട്ട് റൈഡ്. കാഴ്ചയിൽ വാഴപ്പഴത്തിന്റെ രൂപം ഉള്ളതിനാലാണ് ബോട്ടിന് ഈ പേരുണ്ടായത്. വാട്ടർ സ്ലെഡ് എന്നാണ് ബോട്ടിന്റെ ശരിക്കും പേര്. വാഴപ്പഴം പോലെ മഞ്ഞനിറത്തിലാണ് മിക്ക ബനാന ബോട്ടുകളെങ്കിലും വിവിധ തരത്തിലുള്ള ബനാന ബോട്ടുകൾ ഉണ്ട്. മൂന്ന് മുതൽ പത്ത് പേർക്ക് വരെ ഇരിക്കാം. നീളമുള്ള ട്യൂബുകളിലാണ് ബോട്ട് ഘടിപ്പിച്ചിരിക്കുന്നത്.
കയാക്കിംഗ് ഹിറ്റ്
വേമ്പനാട്ട് കായലിലും ആലപ്പുഴയിലെ കനാലുകളിലും നടത്തിവരുന്ന കനോയിംഗിനും കയാക്കിംഗിനും വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകൾ വലിയ പിന്തുണയുമായെത്തിയതാണ് ആലപ്പുഴ ബീച്ചിലും വേമ്പനാട്ട് കായലിലും കൂടുതൽ വാട്ടർ സ്പോർട്സ് പദ്ധതികൾക്ക് വിനോദ സഞ്ചാര വകുപ്പിനെ പ്രേരിപ്പിച്ചത്. ബീച്ചിനൊപ്പം വട്ടക്കായലിലെ കൈനകരിയിലും സാഹസിക ടൂറിസം പദ്ധതികൾ ആരംഭിക്കാനാണ് വിനോദ സഞ്ചാര വകുപ്പിന്റെ നീക്കം. കായലോര സാഹസിക ടൂറിസം പദ്ധതികളാകും വട്ടക്കായലിൽ നടപ്പാക്കുക.
ആലപ്പുഴയിൽ ഈ സീസണിൽ
ആഭ്യന്തര ടൂറിസ്റ്റുകൾ- 5 ലക്ഷം
വിദേശികൾ-12,000.