
രാഷ്ട്രീയത്തിനപ്പുറം സർവാദരണീയനായ ഒരു നേതാവിന്റെ പരിവേഷത്താൽ നാലു ദശകത്തോളം കേരളരാഷ്ട്രീയത്തിൽ അതിശയ പ്രതിഭാസമായി സ്ഥാനമുറപ്പിച്ച ബേബിജോൺ ഓർമ്മയായിട്ട് ഇന്ന് പതിനാറു വർഷം പിന്നിടുന്നു.
പരസ്പര സാഹോദര്യത്തിൽ നിന്ന് ഉടലെടുത്ത രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിൽ ആർ.എസ്. പിക്ക് ഒരു പ്രത്യയശാസ്ത്രവും പ്രത്യേകമായൊരു പ്രവർത്തന ശൈലിയുമുണ്ടായിരുന്നു. തകഴി ആത്മകഥയിൽ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്: ബേബിജോണിനെ ഞാൻ പരിചയപ്പെടുകയായിരുന്നില്ല; എന്റെ ജീവിതത്തിലേക്ക് കടന്നുവരികയായിരുന്നു. ചേട്ടാനുജ ബന്ധമാണ് ബേബിയെ എന്നോട് കൂടുതൽ അടുപ്പിച്ചത്. എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയ ശ്രീകണ്ഠൻനായർ അന്ത്യശ്വാസം വലിക്കുമ്പോൾ അദ്ദേഹത്തിന്റെ സഹധർമ്മിണിയെക്കൂടാതെ മറ്റൊരാൾ അടുത്തുണ്ടായിരുന്നത് താനായിരുന്നുവെന്നും തകഴി കൂട്ടിച്ചേർക്കുന്നു.
ശ്രീകണ്ഠന്റെ രാഷ്ട്രീയത്തിന് വർണ്ണശബളിമ നൽകിയത് ബേബിജോണിനെയും ടി. കെ.ദിവാകരനെയും പോലുള്ള എന്തിനും പോരുന്ന ഈറ്റപ്പുലികളുടെ സാമീപ്യമായിരുന്നെന്നും തകഴി സമർത്ഥിക്കുന്നു . ആർ.എസ് .പിക്കാരുമായുള്ള ആത്മബന്ധം മറ്റൊരു രാഷ്ട്രീയ കക്ഷിയുടെ പ്രവർത്തകരുമായും ഇല്ലാഞ്ഞിട്ടാ
മുന്നണി ഭരണത്തിൽ അർ.എസ്.പി ചെറിയ കക്ഷിയായിരുന്നെങ്കിലും ബേബിജോണിനുള്ള സർവസമ്മതി എന്നും അദ്ദേഹത്തെ മന്ത്രിസഭയിലെ രണ്ടാമനാക്കുന്ന കാഴ്ചയാണ് പലപ്പോഴും കണ്ടുവന്നിരുന്നത്. ബേബിജോണിന് എന്നും ഒരു ദൗർബല്യമായിരുന്നു, ചവറയും അവിടത്തെ ജനങ്ങളും. ഒരവസരത്തിൽ ചവറയിൽ നിന്ന് തന്നെ കാണാൻ മന്ത്രിമന്ദിരത്തിലെത്തിയ ഒരു തൊഴിലാളിക്ക് പ്രവേശനം നിഷേധിച്ചുവെന്ന് അറിഞ്ഞപ്പോൾ അന്നവസാനിച്ചു അവിടത്തെ പാറാവ്. പിന്നൊരിക്കലും ആ ഗേറ്റ് അടഞ്ഞു കണ്ടിട്ടില്ല.
ബേബിജോൺ പല മന്ത്രിസഭകളിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും റവന്യൂ മന്ത്രിയായിരുന്ന വേളയിൽ ഭൂപരിഷ്കരണ നിയമ നിർവ്വഹണഘട്ടത്തിൽ ജോസഫ് മുരിക്കന്റെ റാണി, ചിത്തിര തുടങ്ങിയ നെൽപ്പാടങ്ങൾ പിടിച്ചെടുത്ത് തൊഴിലാളികളുടെ സഹകരണ സംഘങ്ങൾക്ക് വിതരണം ചെയ്ത ധീരമായ നടപടി
"നമ്മളു കൊയ്യും വയലെല്ലാം നമ്മുടതാകും പൈങ്കിളിയേ" എന്ന പാട്ടിനെ അന്വർത്ഥമാക്കും വിധമായിരുന്നു.
ബേബിജോണിനെ അസുഖം കീഴ്പ്പെടുത്തിയപ്പോൾ ആർ.എസ്. പിയുടെ കെട്ടുറപ്പിനെ അത് തൊല്ലൊന്ന് ഉലച്ചു. "ക്ളിനിക്കലി ഡെഡ്" എന്നു പോലും വൈദ്യശാസ്ത്രം ഒരവസരത്തിൽ വിധിയെഴുതിയിട്ടും മരണത്തിന് അദ്ദേഹത്തെ വിട്ടുകൊടുക്കാൻ പ്രിയപത്നി അന്നമ്മ ടീച്ചർ തയ്യാറായില്ല. ടീച്ചറുടെ ഇമവെട്ടാതെയുള്ള പരിചരണവും അനേകായിരം പട്ടിണിപ്പാവങ്ങളുടെ പ്രാർത്ഥനയും വീണ്ടും പത്തു വർഷം കൂടി ആ ജീവൻ നിലനിറുത്തി. ബേബിജോൺ ഓർമ്മയായി പതിനാറു വർഷം പിന്നിടുമ്പോഴും, അദ്ദേഹത്തിന്റെ സാമീപ്യം അനുഭവിച്ചറിഞ്ഞ് ബേബിജോൺ ജീവിതാന്ത്യം വരെ ചെലവിട്ട കുടുംബവീട്ടിൽ പ്രാർത്ഥനയിൽ മുഴുകി ജീവിതസായാഹ്നത്തിൽ സായുജ്യം കണ്ടെത്തുന്നു,തൊണ്ണൂറുകളിലൂടെ കടന്നുപോകുന്ന ആ ധർമ്മപത്നി.
അലറുന്ന അറബി കടലിൻ്റെ തീരത്ത് ലോഹമണലിൽ തളർന്നു കിടന്ന നിരാലംബരായ ഒരു തലമുറയെ അവകാശസമരങ്ങളുടെ തീചൂളയിലൂടെ വളർത്തിയെടുത്ത ലായത്തിൽ പടിഞ്ഞാറ്റതിൽ ജോണിൻ്റെയും മേരിയുടെയും മകനായി ജനിച്ച ബേബിജോൺ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ എരിഞ്ഞടങ്ങാത്ത നക്ഷത്രമായി അവശേഷിക്കും.
സുനിൽ എസ്. വൈ
9847862420