
അധികം മുതൽമുടക്കില്ലാതെ പ്രതിമാസം നല്ല വരുമാനം നേടിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ബൊഗൈൻവില്ല വളർത്തൽ. വീടിന്റെ മുറ്റത്തും വഴിയരികിലും കണ്ടുവരുന്ന ബൊഗൈൻവില്ല കൃഷി ചെയ്യുന്നതിലൂടെ മികച്ച ലാഭം കൊയ്യാൻ സാധിക്കുന്നതാണ്. ഇത് കൃഷി ചെയ്യാൻ വിശാലമായ പുരയിടം വേണമെന്ന നിബന്ധനയൊന്നുമില്ല. എത്ര സ്ഥലപരിമിതിയുളളവർക്കും അവരുടെ വീടിന്റെ മട്ടുപാവുകളിലും മതിലുകളുടെ മുകളിലായും ഇത് നടാവുന്നതാണ്. ഡിസംബർ,ജനുവരി,ഫെബ്രുവരി മാസങ്ങളിലാണ് ബോഗൺ വില്ല ചെടികൾ പൂവണിയുന്നത്. ഈ സമയം കർഷകർക്കും ലാഭം കൊയ്യാൻ പറ്റിയ മാസങ്ങളാണ്.
ഇന്നത്തെക്കാലത്ത് വീടിന്റെ ഇന്റീരിയർ എക്സ്റ്റീരിയർ ഡിസൈനുകൾക്കും എല്ലാവരും ഒരുപോലെ പ്രാധാന്യം നൽകാറുണ്ട്. വീടുകളുടെ പരിസരവും പൂന്തോട്ടങ്ങളും കൂടുതൽ ആകർഷകമാക്കാൻ ബൊഗൈൻവില്ലകൾ വളരെയേറെ സഹായിക്കും. പല നിറത്തിലും ആകൃതിയിലുമുളള ബൊഗൈൻവില്ലകൾ സ്വന്തമാക്കാൻ നമ്മൾ ശ്രമിക്കാറുണ്ട്. ട്രെൻഡ് മാറുന്നതിനനുസരിച്ച് ബൊഗൈൻവില്ലയിൽ നിന്നും കർഷകർക്ക് മികച്ച വരുമാനം നേടാവുന്നതേയുളളൂ.

കൃഷിരീതി പരിചയപ്പെടാം.
നല്ല വെയിലാണ് ബൊഗൈൻവില്ലൾക്ക് അത്യാവശ്യമായി വേണ്ടത്.എത്രമാത്രം വെയിൽ ലഭിക്കുന്നുവോ അത്രയേറെ പൂവുകൾ ചെടിയിലുണ്ടാകും,ഉണ്ടാകുന്ന പൂവുകളുടെ നിറവും സൂര്യപ്രകാശത്തെ ആശ്രയിച്ചിരിക്കും. അധികം വെളളം ഈ ചെടികൾക്ക് ആവശ്യമില്ല. മണ്ണിൽ നേരിട്ട് വളർത്തുന്നതിനെക്കാൾ ചെടിച്ചട്ടിയിൽ ബൊഗൈൻവില്ലകൾ വളർത്തുന്നതാണ് ഉത്തമം. ചെടിച്ചട്ടിയിൽ അമിതമായി വെളളം തങ്ങിനിൽക്കാൻ അനുവദിക്കരുത്. ഇത് ചെടി പൂക്കുന്നതിൽ കുറവുണ്ടാക്കും.ഏത് വളവും ചെടിക്ക് ഉപയോഗിക്കാവുന്നതാണ്. എല്ലിൻപൊടിയും കടലപ്പിണ്ണാക്കും ബൊഗൈൻവില്ല തഴച്ചുവളരാൻ സഹായിക്കും.
ബൊഗൈൻവില്ല തണ്ടുകൾ ചെടിച്ചട്ടിയിലേക്ക് മാറ്റുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചെടിച്ചട്ടിയിൽ ആവശ്യത്തിന് മണ്ണും വളവും ചേർത്തതിന് ശേഷം ബൊഗൈൻവില്ലയുടെ തണ്ട് നടുക.ആദ്യത്തെ ആഴ്ചയിൽ അധികം സൂര്യപ്രകാശം ലഭിക്കാത്ത സ്ഥത്ത് ചെടി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. വ്യത്യസ്ത നിറങ്ങളിലുളള ബൊഗൈൻവില്ലകളുടെ ചെടികൾ ഇതുപോലെ വളർത്തിയെടുക്കുകയാണെങ്കിൽ കൂടുതൽ ലാഭം നേടാൻ സാധിക്കും.