
ബാഗ്ദാദ് : രാജ്യത്തെ വിദേശ സൈനിക സാന്നിദ്ധ്യം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി യു.എസുമായി ആദ്യ ഘട്ട ചർച്ച നടത്തി ഇറാക്ക്. രാജ്യത്ത് യു.എസിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യസേനയുടെ ദൗത്യം അവസാനിപ്പിക്കാൻ തയാറെടുക്കുന്നതായി ഇറാക്ക് പ്രധാനമന്ത്രി മുഹമ്മദ് ഷിയാ അൽ - സുഡാനി നേരത്തെ അറിയിച്ചു. സുഡാനിയും ഇറാക്ക്, സഖ്യസേനകളിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരും ബാഗ്ദാദിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു.
ഇറാക്കിനുള്ളിൽ ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളും യു.എസും തമ്മിലെ വ്യോമാക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് നീക്കം. ഗാസ യുദ്ധ പശ്ചാത്തലത്തിൽ ഇസ്രയേലിന്റെ സഖ്യകക്ഷിയായ യു.എസിന്റെ സിറിയയിലെയും ഇറാക്കിലെയും സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ അനുകൂല ഗ്രൂപ്പുകൾ ആക്രമണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.
ഐസിസ് വ്യാപനം തടയുന്നതിന് പ്രാദേശിക സേനകളുമായി സഹകരിച്ച് 900 സൈനികരെ യു.എസ് സിറിയയിലും 2,500 സൈനികരെ ഇറാക്കിലും വിന്യസിച്ചിട്ടുണ്ട്.