
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ ബംഗാളിലെ ജയ്‌പായ്ഗുരിയിൽ നിന്ന് പുനരാരംഭിച്ചു. ബി.ജെ.പി സർക്കാർ രാജ്യത്ത് വദ്വേഷവും അക്രമവും പ്രചരിപ്പിക്കുകയാണെന്ന് രാഹുൽ ആരോപിച്ചു. യാത്ര സിലിഗുരിയിലെത്തിയപ്പോൾ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ.
ദരിദ്രരുടെയും യുവാക്കളുടെയും താത്പര്യങ്ങളേക്കാൾ വൻകിട കോർപ്പറേറ്റുകളുടെ താത്‌പര്യത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും ആരോപിച്ചു. സായുധ സേനയിൽ ചേരാൻ ആഗ്രഹിക്കുന്ന യുവാക്കളെ കേന്ദ്രം പരിഹസിക്കുന്നു. രാജ്യത്ത് വെറുപ്പും അക്രമവും വർദ്ധിക്കുന്നു. സ്വതന്ത്ര്യസമര കാലത്ത് ആശയപരമായ പോരാട്ടത്തിന് ബംഗാൾ നേതൃത്വം നൽകി. കേന്ദ്രത്തിനെതിരെ പോരാടുക കടമയാണ്.
25ന് യാത്ര അസാമിൽ പര്യടനം പൂർത്തിയാക്കി ബംഗാളിൽ പ്രവേശിച്ചിരുന്നു. അതിനിടെ യാത്രയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ് ബീഹാറിൽ അരങ്ങേറുന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. വരും ദിവസങ്ങളിൽ കോൺഗ്രസ് നീതിയുടെ അജണ്ട അവതരിപ്പിക്കുമെന്നും മോദിയുടെ ദുർഭരണത്തിൽ നിന്ന് ജനങ്ങളെ മോചിപ്പിച്ച് നീതി ഉറപ്പാക്കുമെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര അറിയിച്ചു.
ഞങ്ങൾ ഭയപ്പെടില്ല: ഖാർഗെ
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കെതിരെ അസാമിലുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. യാത്ര തടയാൻ ബി.ജെ.പി എല്ലാ വഴികളും നോക്കിയെന്നും അവരെ ഞങ്ങൾ ഭയപ്പെടുന്നില്ലെന്നും ഖാർഗെ പറഞ്ഞു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടന്ന വർക്കേഴ്‌സ് കൺവെൻഷനിൽ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കന്യാകുമാരി മുതൽ കാശ്‌മീർ വരെ ജോഡോ യാത്ര നടത്തിയതാണ്. എന്നാൽ ബി.ജെ.പി ഭരിക്കുന്ന ഈ സംസ്ഥാനത്തുണ്ടായ അനുഭവം ഒരിടത്തും ഉണ്ടായിട്ടില്ല. യാത്ര ആരംഭിച്ചതു മുതൽ തടയാനും ഭയപ്പെടുത്താനും ബി.ജെ.പി എല്ലാ ശ്രമനങ്ങളും നടത്തി. അസാമിൽ യാത്ര തടഞ്ഞു. വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞു. പോസ്റ്ററുകൾ നശിപ്പിച്ചു. പക്ഷേ ഞങ്ങൾ ഭയപ്പെടുന്നില്ല. രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ചവരാണ് കോൺഗ്രസ് നേതാക്കൾ. ബി.ജെ.പി ഒരു ത്യാഗവും ചെയ്‌തിട്ടില്ല. എല്ലാവരും ദൈവത്തിൽ വിശ്വസിക്കുന്നു. എന്നാൽ, മതത്തെയും രാജ്യത്തെയും കൂട്ടിക്കുഴയ്ക്കരുത്. ബി.ജെ.പി അതാണ് ചെയ്യുന്നത്. അസാമിൽ യാത്ര തടയുകയും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്‌തിരുന്നു.
കൈവീശുന്നത് അപരൻ: ഹിമന്ത
ന്യായ് യാത്രയിൽ രാഹുൽ അപരനെ ഇറക്കിയെന്ന ആരോപണവുമായി അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.
യാത്രക്കിടെ ബസിലിരുന്ന് കൊണ്ട് ജനങ്ങൾക്കു നേരെ കൈവീശിയത് രാഹുൽ അല്ലെന്ന് ഹിമന്ത ആരോപിച്ചു. ഇതുസംബന്ധിച്ച തെളിവുകൾ പുറത്തുവിടുമെന്നും വ്യക്തമാക്കി.