case

കൊച്ചി: അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ ഡിഎൻഎ പരിശോധിക്കണമെന്ന ആവശ്യവുമായി എൻഐഎ കോടതിയിൽ. പരിശോധനയ്ക്കായുളള അനുമതിക്ക് വേണ്ടിയുളള അപേക്ഷ ഉടൻ തന്നെ എൻഐഎ കോടതിയിൽ സമർപ്പിക്കും.കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

തൊടുപുഴയിലെ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫ.ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിൽ സവാദ് 13 വർഷത്തോളം പേരുമാറ്റി ഒളിവിൽ താമസിക്കുകയായിരുന്നു.കേസിൽ ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഫെബ്രുവരി 16 വരെയാണ് റിമാൻഡിൽ വിട്ടത്. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്നും എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് ഒളിവിൽ കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.ഇയാളെ കണ്ണൂരിൽ നിന്നാണ് കഴിഞ്ഞ മാസം എൻഐഎ അറസ്റ്റ് ചെയ്തത്. സവാദിനെ കൂടി ഉൾപ്പെടുത്തിയുള്ള പുതിയ കുറ്റപത്രം എൻഐഎ ഉടൻ കോടതിയിൽ സമർപ്പിക്കും.2010 ജൂലായ് നാലിനാണ് ജോസഫിന്റെ കൈപ്പത്തി സവാദിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിയത്. ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം.

കൈവെട്ടുനടന്ന അന്നുതന്നെ ആലുവയിൽ നിന്ന് സവാദ് ബംഗളൂരുവിലേക്ക് കടന്നതായി ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കേരള പൊലീസ് അന്വേഷിച്ചിരുന്ന കേസ് 2011 മാർച്ചിലാണ് എൻഐഎ ഏറ്റെടുത്തത്.