arest

മൂവാറ്റുപുഴ: സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിൽ കോടികളുടെ തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. മാവേലിക്കര തട്ടാരംമ്പലം ഉഷശ്രീയിൽ സുരേഷ് കുമാർ ആണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. 2017ൽ മൂവാറ്റുപുഴയിൽ പ്രവർത്തനമാരംഭിച്ച ദാവണി സിൽക്സ് എന്ന സ്ഥാപനത്തിന്റെ പ്രൊമോഷണൽ ഡയറക്ടായിരുന്നു സുരേഷ്‌കുമാർ. സ്ഥാപനത്തിന്റെ ഓഹരി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചും വ്യാജ രസീതുകൾ നിർമ്മിച്ചും നിർമ്മാണ പ്രവർത്തനങ്ങളുടെ പേരിലുമായി ഇയാൾ കോടികൾ തട്ടിയെടുത്തതായി സ്ഥാപനത്തിന്റെ നിലവിലെ ഡയറക്ടർ പത്മകുമാർ പറഞ്ഞു.

സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നുവെന്ന സൂചനകളുടെ അടി​സ്ഥാനത്തി​ൽ സ്ഥാപന ഉടമകൾ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. തുടർന്ന് 2018ൽ പ്രതിയെ സ്ഥാപനത്തിൽ നിന്ന് പിരിച്ചുവിട്ടു. സ്ഥാപന ഉടമ മൂവാറ്റുപുഴ പൊലീസിലും 14 ഓഹരി ഉടമകൾ സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലും പരാതി നൽകി. ഹൈക്കോടതി ഇടപെട്ടതി​നെത്തുടർന്ന് അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഒളിവിൽ പോയ പ്രതിക്കായി​ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ബുധനാഴ്ചയാണ് പ്രതി പിടിയിലായത്. പ്രതിയെ ഇന്നലെ വെള്ളൂർക്കുന്നത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.