moshnm

മുണ്ടക്കയം: പട്ടാപ്പകൽ വീട്ടിൽ കയറി വൃദ്ധയുടെ മുഖത്ത് തുണിയിട്ട് മൂടി ഒരു പവൻ തൂക്കം വരുന്ന മാല മോഷ്ടാവ് അപഹരിച്ചു. കൂട്ടിക്കൽ വല്ലിറ്റ മഠത്തിൽ വീട്ടിൽ സെബാസ്റ്റ്യന്റെ ഭാര്യ മറിയക്കുട്ടിയുടെ (65) മാലയാണ് മോഷണം പോയത്. ശനിയാഴ്ച രാവിലെ 11 മണിക്കാണ് സംഭവം. മൂത്ത മകന്റെ ഒപ്പമാണ് സെബാസ്റ്റ്യനും ഭാര്യ മറിയക്കുട്ടിയും താമസിക്കുന്നത്. പക്ഷാഘാതം പിടിപെട്ട് ഏറെ നാളായി ശരീരത്തിന്റെ ഒരു വശം തളർന്നു ചികിത്സയിലായിരുന്നു മറിയക്കുട്ടി. വീട്ടിലെ ചെറിയ ജോലികൾ മാത്രമാണ് ഇവർക്ക് ചെയ്യുവാൻ കഴിയുന്നത്. വീട്ടിൽ മറ്റാരും ഇല്ലായിരുന്ന സമയത്ത് കയറിവന്ന മോഷ്ടാവ് പുറകിൽ നിന്ന് മറിയക്കുട്ടിയുടെ മുഖത്ത് തുണിയിട്ട് മൂടിയ ശേഷം മാല അപഹരിക്കുകയായിരുന്നു. വീടിന് സമീപത്തെ കുട്ടികൾ കളിക്കുകയാണെന്നാണ് ആദ്യം മറിയക്കുട്ടി കരുതിയത്. മാല പറിച്ചതോടെ നിലവിളിച്ച് ഒച്ച ഉണ്ടാക്കിയപ്പോഴേക്കും മോഷ്ടാവ് കടന്നു കളഞ്ഞു. രോഗിയായ മറിയക്കുട്ടി മുഖത്തെ തുണി മാറ്റി വീടിന് പുറത്ത് ഇറങ്ങിയപ്പോഴേക്കും മോഷ്ടാവ് സ്ഥലം വിട്ടിരുന്നു. സംഭവം അറിഞ്ഞു നാട്ടുകാരും തടിച്ചുകൂടി. മോഷ്ടാവിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുണ്ടക്കയം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.