rahul

ന്യൂഡൽഹി: ജാതി സെൻസസ് നീതിയിലേക്കുള്ള ആദ്യ ചുവടാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനത്ത് ജാതി സെൻസസ് പ്രഖ്യാപിച്ചതിന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും സർക്കാരിനെയും അഭിനന്ദിക്കവെയാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്.

രാജ്യത്തിന്റെ അഭിവൃദ്ധിയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും തുല്യ പങ്കാളിത്തം ഉറപ്പാക്കാനുള്ള ഏക മാർഗം ജാതി സെൻസസ് മാത്രമാണെന്നും എക്‌സിൽ കുറിച്ചു. ഒരു സമൂഹത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ആരോഗ്യം അറിയാതെ കൃത്യമായ പദ്ധതികൾ തയ്യാറാക്കുക അസാദ്ധ്യമാണ്. എല്ലാ വിഭാഗത്തിന്റെയും തുല്യ പങ്കാളിത്തം ഉറപ്പാക്കാനുള്ള ഒരേയൊരു മാർഗം ജാതി സെൻസസാണ്. നീതിയിലേക്ക് ആദ്യ ചുവടു വച്ച തെലങ്കാന സർക്കാരിന് അഭിനന്ദനങ്ങൾ. രേവന്ത് റെഡ്ഡിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ജാതി സെൻസസെന്നും രാഹുൽ പറഞ്ഞു.

ന്യൂനപക്ഷങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ, ആദിവാസി ക്ഷേമ വകുപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ രേവന്ത് റെഡ്ഡി യോഗം ചേർന്നിരുന്നു. ജാതി സെൻസസിനുള്ള നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്. ബി.പി.എൽ വിഭാഗത്തിലെ പെൺകുട്ടികൾക്ക് വിവാഹ സമയത്ത് ഒരു ലക്ഷം രൂപ ധനസഹായം നൽകുന്നതിനു പുറമേ സ്വർണം നൽകുന്ന 'കല്യാണമസ്‌തു" പദ്ധതിക്കുള്ള നടപടികളും ആരംഭിച്ചു.