rupee

കൊച്ചി: അമേരിക്കയിൽ കടപ്പത്രങ്ങളുടെ മൂല്യത്തിലുണ്ടായ വൻ വർദ്ധനയും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ കടുത്ത വില്പന സമ്മർദ്ദവും അതിജീവിച്ച് ഡോളറിനെതിരെ ഇന്ത്യൻ രൂപ അതിശക്തമായി പിടിച്ചുനിൽക്കുന്നു. ജനുവരിയിൽ ഏഷ്യയിലെ ഏറ്റവും ശക്തിയാർജിച്ച നാണയവും രൂപയാണ്. കഴിഞ്ഞ വർഷം ഡോളറിനെതിരെ നേരിയ മൂല്യയിടിവ് നേരിട്ട രൂപ പുതുവർഷത്തിൽ മികച്ച കരുത്തോടെയാണ് നീങ്ങുന്നത്. ജനുവരി ആദ്യ രണ്ട് ആഴ്ചകളിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വലിയ തോതിൽ പണമൊഴുക്കിയതാണ് രൂപയ്ക്ക് ഗുണമായത്. എന്നാൽ ജനുവരി പതിനഞ്ചിന് ശേഷം വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യ ഉൾപ്പെടെയുള്ള ഓഹരി വിപണികളിൽ നിന്നും പണം പിൻവലിച്ചുവെങ്കിലും രൂപയുടെ മൂല്യത്തെ കാര്യമായി ബാധിച്ചില്ല.

ജനുവരിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം അര ശതമാനം മെച്ചപ്പെട്ടു. ഏഷ്യയിലെ മറ്റ് പ്രമുഖ നാണയങ്ങളെല്ലാം രണ്ട് മുതൽ നാല് ശതമാനം വരെ ഇടിവ് നേരിട്ടപ്പോഴാണ് രൂപ മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില നിയന്ത്രണ വിധേയമായി തുടരുന്നതിനാൽ ഇറക്കുമതി ചെലവ് കുറയുന്നതും രൂപയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു.

കയറ്റുമതിയിലെ ഉണർവ് കരുത്താകുന്നു
മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യ മികച്ച വളർച്ച നേടുന്നതും രൂപയ്ക്ക് ശക്തി പകർന്നു. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിസ്ട്രോൺ, ഫോക്സ്കോൺ, പെഗാട്രോൺ എന്നീ കമ്പനികളാണ് ആപ്പിളിന്റെ ഐ ഫോണുകൾ ഇന്ത്യയിൽ നിർമ്മിച്ച് കയറ്റിഅയക്കുന്നത്. നടപ്പുവർഷം ആപ്പിളിന്റെ മൊത്തം ഐ ഫോൺ ഉത്പാദനത്തിൽ 12 ശതമാനം ഇന്ത്യയിൽ നിന്നാകുമെന്നാണ് വിലയിരുത്തുന്നത്. ജനുവരിയിൽ മാത്രം 800 കോടി ഡോളറിന്റെ മൊബൈൽ ഫോണുകളാണ് ആപ്പിൾ ഇന്ത്യയിൽ നിന്നും കയറ്റിഅയച്ചത്. ഇതോടെ രാജ്യത്തെ മൊത്തം കയറ്റുമതി മെച്ചപ്പെട്ടതാണ് രൂപയ്ക്കും ഗുണകരമായത്.

ശക്തമായ പിന്തുണയുമായി റിസർവ് ബാങ്ക്

ഡോളറിനെതിരെ പ്രമുഖ നാണയങ്ങളെല്ലാം കനത്ത തകച്ച നേരിട്ടപ്പോഴും സ്ഥിരത നേടുവാൻ ഇന്ത്യൻ രൂപയ്ക്ക് കഴിഞ്ഞത് റിസർവ് ബാങ്കിന്റെ സമയോചിതമായ ഇടപടലുകൾ മൂലമാണ്. രൂപ വില്പന സമ്മർദ്ദം നേരിടുമ്പോൾ പൊതുമേഖലാ ബാങ്കുകൾ വഴി റിസർവ് ബാങ്ക് വലിയ തോതിൽ ഡോളർ വിറ്റഴിച്ച് ആശങ്ക ഒഴിവാക്കി. ഇതോടൊപ്പം രൂപയുടെ മൂല്യം കുത്തനെ കൂടുന്ന സാഹചര്യം ഒഴിവാക്കാൻ ചില സമയങ്ങളിൽ റിസർവ് ബാങ്ക് ഡോളർ വിറ്റഴിക്കാനും തയ്യാറായെന്ന് വിദേശ നാണയ വിപണിയിലുള്ളവർ പറയുന്നു

വിദേശ നാണയ ശേഖരം കൂടുന്നു

രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടത്തിന് തടയിടാൻ റിസർവ് ബാങ്ക് തുടർച്ചയായി വിപണി ഇടപെടൽ നടത്തിയതോടെ ഇന്ത്യയുടെ വിദേശ നാണയ ശേഖരം ജനുവരി 19ന് അവസാനിച്ച ആഴ്ചയിൽ 61600 കോടി ഡോളറിലെത്തി. മുൻവാരം വിദേശ നാണയശേഖരം 61819 കോടി ഡോളർ വരെ ഉയർന്നിരുന്നു. ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ വിദേശ നാണയ ശേഖരം 2021 ഒക്ടോബറിൽ രേഖപ്പെടുത്തിയ റെക്കാഡ് ഉയരമായ 64500 കോടി ഡോളർ കവിയുമെന്നാണ് വിലയിരുത്തുന്നത്.

രൂപയുടെ മൂല്യം 82 വരെ ഉയർന്നേക്കും

വിദേശ നിക്ഷേപകരുടെ പണമൊഴുക്കും കയറ്റുമതി രംഗത്തെ ഉണർവും ഡോളറിനെതിരെ മൂലം നടപ്പുവർഷം ഇന്ത്യൻ രൂപയുടെ മൂല്യം 82 വരെ ഉയരാനിടയുണ്ടെന്ന് ആഗോള ഏജൻസിയായ കെയർഎഡ്‌ജ് റേറ്റിംഗ്സ് പ്രവചിക്കുന്നു. വെള്ളിയാഴ്ച ഡോളറിനെതിരെ രൂപ 83.11 ലാണ് വ്യാപാരം പൂർത്തിയാക്കിയത്.