mona
f

പാരിസ്: ലിയനാർഡോ ഡാവിഞ്ചിയുടെ മാസ്റ്റർപീസായ ' മൊണാലിസ' പെയിന്റിംഗിലേക്ക് മത്തങ്ങ സൂപ്പ് എറിഞ്ഞ് പ്രതിഷേധം.16ാം നൂറ്റാണ്ടിൽ വരച്ച ചിത്രം സൂക്ഷിച്ചിരിക്കുന്ന പാരീസിലെ ല്യൂവർ മ്യൂസിയത്തിൽ ഇന്നലെയാണ് സംഭവം.

ബുള്ള​റ്റ് പ്രൂഫ് ഗ്ലാസ് കവചം ഉള്ളതിനാൽ ചിത്രത്തിന് കേടുപാടില്ല. മെച്ചപ്പെട്ട വേതനത്തിനും തൊഴിൽ സാഹചര്യത്തിനുമായി ഫ്രഞ്ച് കർഷകർ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി രണ്ട് സ്ത്രീകളാണ് സൂപ്പ് എറിഞ്ഞത്.

ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷണത്തിനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും കലയേക്കാൾ പ്രാധാന്യം അതിനാണെന്നും ' ഫുഡ് കൗണ്ടർഅറ്റാക്ക് ' എന്ന സംഘടനയിലെ പ്രതിഷേധക്കാർ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ ഒഴിപ്പിച്ചു. ഇവർക്കെതിരെ പരാതി നൽകുമെന്ന് മ്യൂസിയം അധികൃതർ അറിയിച്ചു.

ആക്രമണങ്ങൾ

1911ൽ മൊണാലിസ പെയിന്റിംഗ് മോഷണം പോയിരുന്നു. മ്യൂസിയത്തിലെ ജീവനക്കാരനായിരുന്ന വിൻസെൻസോ പെറൂഗിയ ഒരു രാത്രി മുഴുവൻ ഒരു അലമാരയിൽ ഒളിച്ചിരുന്നാണ് പെയിന്റിംഗ് കടത്തിയത്.രണ്ട് വർഷത്തിന് ശേഷം ഇറ്റലിയിലെ ഫ്ലോറൻസിലുള്ള ഒരു പുരാവസ്തു വ്യാപാരിക്ക് വിൽക്കാൻ ശ്രമിക്കുമ്പോഴാണ് പെയിന്റിംഗ് വീണ്ടെടുത്തത്.

1950കളിൽ ഒരു സന്ദർശകൻ ആസിഡ് ഒഴിച്ച് മൊണാലിസയ്ക്ക് കേട് പറ്റിയിരുന്നു. അന്നുമുതലാണ് ഗ്ലാസ് കവചത്തിലാക്കിയത്.

2019ൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കവചം

2022ൽ ഒരാൾ പെയിന്റിംഗിൽ കേക്ക് എറിഞ്ഞിരുന്നു