
കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളെ നിലനിറുത്താൻവേണ്ടി അവ നേരിടുന്ന കോടികളുടെ നഷ്ടം നികുതിദായകരായ ജനങ്ങളുടെ മേൽ ചാരാൻ കേന്ദ്രസർക്കാർ തയ്യാറല്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. വൻനഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളെ താങ്ങിനിറുത്തുന്നത് നികുതിദായകരുടെ പണമാണെന്നും മന്ത്രി പറഞ്ഞു. ബി.എം.എസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വകാര്യവത്കരണവും ഓഹരിവിറ്റഴിക്കലും മഹാഅപരാധമെന്ന് പ്രസംഗിക്കുന്നവർക്ക് യാഥാർത്ഥ്യബോധമില്ല, ഓഹരിവിൽക്കാൻ തീരുമാനിച്ച കാലത്ത് പ്രതിദിനം 20 കോടിയായിരുന്നു എയർ ഇന്ത്യയുടെ നഷ്ടം. രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള പൊതുമേഖലാ സ്ഥാപനമായി ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യ മാറിയെന്ന് ഓഹരിവില്പനയെ എതിർത്തവർ മനസിലാക്കണം.
വ്യവസായങ്ങൾ നടത്തുന്നതിന് സർക്കാരുകൾക്ക് പരിമിതികളുണ്ടെന്ന യാഥാർത്ഥ്യ ബോധ്യത്തിലൂന്നിയാണ് കേന്ദ്രസർക്കാരിന്റെ നയരൂപീകരണം. വികസനത്തിൽ സ്വകാര്യമേഖലയുടെ ശക്തമായ സംഭാവനയിൽ ഊന്നുന്നതാണ് നയം. ആത്മനിർഭര ഭാരതം ലക്ഷ്യം കാണണമെങ്കിൽ പൊതു–സ്വകാര്യമേഖലകളുടെ പങ്കാളിത്തം ഒരുപോലെ അനിവാര്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മുൻമന്ത്രി ആന്റണി രാജു, ഡോ. സെബാസ്റ്റ്യൻ പോൾ. ഡോ.സി.വി. പ്രിയേഷ്, ബി.എം.എസ് ദേശീയ നിർവാഹക സമിതി അംഗം കെ.കെ. വിജയകുമാർ, സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാർ, ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് എന്നിവർ സംസാരിച്ചു.