windies

ഗാബ: ഇന്ത്യയ്ക്ക് ശേഷം ഗാബയിലെ ഓസ്ട്രേലിയൻ അപ്രമാദിത്യം തകർത്തെറിഞ്ഞ് വെസ്‌റ്റിൻഡീസും. ഷമർ ജോസഫ് എന്ന പുത്തൻ താരോദയത്തിന്റെ തീയുണ്ടകൾക്ക് മുന്നിൽ പകച്ചുപോയ ഓസീസിനെതിരെ 8 റൺസിന്റെ നാടകീയ ജയമാണ് വിൻഡീസ് സ്വന്തമാക്കിയത്. വിൻഡീസ് ഉയർത്തിയ 216 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയയെ 7 വിക്കറ്റുകൾ നേടിയ ജോസഫിന്റെ പിൻബലത്തിൽ വിൻഡീസ് 207ൽ ഒതുക്കുകയായിരുന്നു. അൽസാരി ജോസഫ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഒരറ്റത്ത് വിക്കറ്റ് വീണുകൊണ്ടിരിക്കുമ്പോഴും ഓപ്പണറായിറങ്ങി പതറാതെ പൊരുതിയ സ്റ്റീവ് സ്മിത്ത് 91 റൺസുമായി പുറത്തകാതെ നിന്നു. കാമറൂൺ ഗ്രീനും (42) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ജയത്തോടെ രണ്ട് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര 1-1ന് സമനിലയിലാക്കാനും വിൻഡീസിനായി. സ്കോർ: വെസ്റ്റിൻഡീസ്

311/10 & 193, ഓസ്ട്രേലിയ 289/9ഡിക്ലയേർഡ് & 207/10.

ജോസഫാണ് താരം

പേസ്ബൗളിംഗിന്റെ ഈറ്റില്ലമായിരുന്ന വെസ്റ്റിൻഡീസിൽ നിന്നുള്ള പുത്തൻ പേസോദയമായിമാറിക്കഴിഞ്ഞു അരങ്ങേറ്റ ടെസ്റ്റ് പരമ്പരയിലൂടെ ഷമർ ജോസഫ് എന്ന 24കാരൻ. രണ്ടാം ടെസ്റ്റിലെ മാൻ ഓഫ് ദ മാച്ചും പരമ്പരയിലെ താരവും ഷമർ ജോസഫ് തന്നെയാണ്. ഗാബ ടെസ്റ്റിന്റെ മൂന്നാം ദിനം മിച്ചൽ സ്റ്റാർക്കിന്റെ യോർക്കർ വലത്തേകാൽ വിരലുകളിൽ കൊണ്ട് പരിക്കേറ്റ് ബാറ്റിംഗ് തുടരാനാകാതെ മുടന്തി നീങ്ങിയ ജോസഫാണ് നാലാം ദിനം ഓസീസിന്റെ അന്തകനായത്. 60/2 എന്ന നിലയിൽ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഓസീസിന്റെ ഇന്നലെ വീണ 8 വിക്കറ്രുകളിൽ ഏഴിനും അവകാശി ഷമർ ജോസഫായിരുന്നു.

27 വർഷങ്ങൾക്ക് ശേഷമാണ് വെസ്റ്റിൻഡീസ് ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നുത്.